ദക്ഷിണേന്ത്യയിലെ ആധിപത്യം തിരികെ പിടിക്കാനുറച്ചാണ് എഐസിസി രാഹുല്‍ ഗാന്ധിയെ വയനാട്ടിലിറക്കുന്നത്. കുറഞ്ഞത് നൂറ് സീറ്റെങ്കിലും ദക്ഷിണേന്ത്യയില്‍ നിന്ന് നേടിയാലെ രാജ്യത്ത് അധികാരം ഉറപ്പിക്കാനാവൂ എന്ന് കോണ്‍ഗ്രസും സഖ്യകക്ഷികളും മനസിലാക്കുന്നു. രാഹുല്‍ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സീറ്റില്‍ മത്സരിക്കണമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി രാഹുലിനോട് ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത് ഈ സാഹചര്യത്തിലാണ്. എന്നാല്‍ യെച്ചൂരി രാഹുലിനോട് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പിന്നീട് വ്യക്തമാക്കി. ഏതായാലും ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ് കമ്മിറ്റികളും കൂടി ഈ ആവശ്യം മുന്നോട്ട് വെച്ചതോടെ എഐസിസി വിഷയം ഗൗവരത്തില്‍ ആലോചിച്ചു.
ഏറെ പരിശോധനക്ക് ശേഷം വയനാടിനെ സുരക്ഷിതയിടമായി എഐസിസി കണ്ടെത്തി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പടര്‍ന്ന് കിടക്കുന്ന വയനാട് മണ്ഡലം കര്‍ണാടകയുടെയും തമിഴ്നാടിന്‍റെയും അതിര്‍ത്തി കൂടിയാണെന്ന പ്രത്യേകത കൂടിയുണ്ട്. മൂന്ന് സംസ്ഥാനങ്ങള്‍ ചേരുന്ന ഇത്ര സുരക്ഷിതമായ മറ്റൊരു മണ്ഡലം ദക്ഷിണേന്ത്യയില്‍ ഇല്ലെന്ന എഐസിസിയുടെ വിലയിരുത്തലാണ് ദേശീയ സംഖ്യകക്ഷികളുടെ എതിര്‍പ്പിനിടയിലും വയനാട് ഉറപ്പിക്കാന്‍ കാരണം.
പത്രിക സമര്‍പ്പിക്കാനായി ബുധനാഴ്ച കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി റോഡ് ഷോയോടെ വയനാടിലെ കല്‍പ്പറ്റയിത്തും. കല്‍പ്പറ്റയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാഹുല്‍ രണ്ടോ മൂന്നോ ദിവസം കേരളത്തിലുണ്ടാവും. രാഹുലിനോടൊപ്പം പ്രിയങ്ക ഗാന്ധി കൂടിയുണ്ടാവുമെന്നാണ് വിവരം. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി, മറ്റു പ്രധാനപ്പെട്ട ചില മണ്ഡലങ്ങലളില്‍ കൂടി രാഹുലിനെ എത്തിക്കാനാണ് കെപിസിസിയുടെ നീക്കം. കേരളത്തിലെ മുഴുവന്‍ സീറ്റുകളും നേടുകയാണ് കോണ്‍ഗ്രസ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ വര്‍ഷം 12 സീറ്റായിരുന്നു കോണ്‍ഗ്രസിന്. മലബാർ മേഖലയിലെ സിപിഎം സ്വാധീനം മറികടക്കാനും രാഹുലിനാകുമെന്ന് കെപിസിസി പ്രതീക്ഷിക്കുന്നു.
മറുപക്ഷത്ത് രാഹുലിന്‍റെ വരവിനെ ശക്തമായി എതിര്‍ക്കുകയാണ് എല്‍ഡിഎഫിന്‍റെ ഓരോ നേതാക്കളും. രാഹുല്‍ ആരോട് മത്സരിക്കാനാണ് വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് ചോദിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ബിജെപിയോടൊപ്പം രാഹുലിനെയും എതിര്‍ക്കാന്‍ പിണറായി പ്രത്യേകം ശ്രദ്ധിക്കുന്നു. ദേശീയ മതേതര സംഖ്യത്തിന് എതിരാണ് രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം എന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചത്. ബിജെപിയും ശക്തമായ ആക്ഷേപങ്ങളുമായാണ് രാഹുലിനെ വരവേല്‍ക്കുന്നത്.
കേരളത്തിൽ കൂടി സീറ്റുകൾ നഷ്ടമായാൽ ദേശീയ പദവി എന്ന സ്ഥാനം സിപിഎമ്മിന് നഷ്ടമായേക്കാം. തൃപുരയും ബംഗാളും കൈവിട്ടതിനാൽ നിലനിൽപ്പിന്‍റെ രാഷ്ട്രീയമാണ് അവര്‍ക്ക്. ബിജെപിക്കാട്ടെ രാഹുലിനെ വരവ് തങ്ങളുടെ ദക്ഷിണേന്ത്യന്‍ ആധിപത്യത്തെ ബാധിക്കുമോ എന്ന ആശങ്കയാണ്.
ദക്ഷിണേന്ത്യയില്‍ മത്സരത്തിന് എത്തുന്ന ഗാന്ധി കുടുംബത്തിലെ മൂന്നാമത്തെ വ്യക്തിയാണ് രാഹുല്‍. ഇതിന് മുമ്പ് ഇന്ദിരയും സോണിയയുമാണ് സുരക്ഷിത മണ്ഡലമായി ദക്ഷിണേന്ത്യയിലെത്തിയത്. 1977ലെ അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ റായ്ബറേലി കൈ വിട്ടപ്പോഴാണ് അടുത്ത വർഷം വന്ന ഉപതെരഞ്ഞെടുപ്പിൽ കർണാടകയിലെ ചിക്കമഗ്ളൂരിൽ നിന്ന് മത്സരിക്കാൻ ഇന്ദിര തീരുമാനിച്ചത്. 1980 ലാകട്ടെ റായ്ബറേലിയിലും ആന്ധ്രയിലെ മേദകിലും ഇന്ദിര വിജയിച്ചു. 1999 ൽ കന്നിയങ്കം കുറിച്ച സോണിയയും കോൺഗ്രസ് കുത്തക സീറ്റായ അമേഠിക്ക് പുറമേ കർണാടകയിലെ ബെല്ലാരിയിൽ നിന്ന് വിജയിച്ചു.