വയനാട്: കള്ളനോട്ട് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം തടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി കൊടുവള്ളി വാവാട് തെക്കേടത്ത് ടി. അഹമ്മദ് മുക്താര്‍ (27), രണ്ടാംപ്രതി കൊടുവള്ളി വാവാട് നീരാട്ടുപൊയില്‍ എന്‍.പി. അനീസ് (30), മൂന്നാംപ്രതി വാവാട് മൈലാഞ്ചി കരാമല്‍ എന്‍.കെ. സുഹൈബ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
2011 ഡിസംബർ പതിനെട്ടിനാണ് കേസിന് ആസ്‌പദമായ സംഭവം. ബത്തേരിയിലെ ഐ ടൂൺസ് എന്ന മൊബൈൽ കടയിൽ നിന്ന് നൂറ് രൂപയുടെ രണ്ട് കള്ളനോട്ടുകൾ നൽകി റീചാർജ് കൂപ്പൺ വാങ്ങുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ബത്തേരി എ.എസ്.ഐ. ആയിരുന്ന സുന്ദരന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കള്ളനോട്ട് കേസായതിനാൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കള്ളനോട്ടടിക്കുന്ന യന്ത്രങ്ങൾ, പേപ്പർ, കമ്പ്യൂട്ടർ, മറ്റ് സാമഗ്രികൾ എന്നിവയും കള്ളനോട്ടുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. വൻതോതിലുള്ള കള്ളനോട്ട് ഇടപാട് നടത്തുന്ന സംഘമാണ് ഇവരെന്ന് അന്വേഷണത്തിൽ വ്യക്തമായി. ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ കെ.ബി. ജീവാനന്ദൻ, കെ. എസ്. സുരേഷ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്. ക്രൈംബ്രാഞ്ച് കോഴിക്കോട് സബ് യൂണിറ്റിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.വി. പ്രമോദ് കുമാറാണ് 2015 ജൂലൈ ഇരുപത്തിയൊന്നിന് കുറ്റപത്രം സമർപ്പിച്ചത്.