വയനാട്: പ്രളയം വിതച്ച നാശനഷ്‌ടങ്ങളിൽ നിന്ന് കരകയറാതെ വയനാട്ടിലെ കുരുമുളക് കർഷകർ. രണ്ടാം വർഷവും പ്രളയം സാരമായി ബാധിച്ചതോടെ കുരുമുളക് ചെടികൾ വ്യാപകമായി നശിക്കുകയാണ്. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായിരിക്കുന്നത്.കനത്ത മഴയ്ക്ക് ശേഷം വെയിൽ വന്നതോടെയാണ് കുരുമുളക് ചെടികൾ നശിച്ചു തുടങ്ങിയത്.
ചെടികളിൽ മഞ്ഞനിറം പ്രത്യക്ഷമായതിന് ശേഷം വാടി നശിക്കുകയാണ് ചെയ്യുന്നതെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷവും പുൽപ്പള്ളി, മുള്ളൻകൊല്ലി എന്നിവിടങ്ങളിലെ കുരുമുളക് കൃഷി നശിച്ചിരുന്നു. ഇതോടെ ഉണങ്ങിയ ചെടികൾ വെട്ടിമാറ്റി പല കർഷകരും പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞു. എന്നാൽ ഇക്കൊല്ലത്തെ മഴയിൽ പച്ചക്കറി കൃഷിയും നശിക്കുന്നതാണ് കർഷകരെ ആശങ്കപ്പെടുത്തുന്നത്.