മാനന്തവാടി: ചരിത്രസത്യങ്ങള്‍ വളച്ചൊടിച്ചാണ് തലമുറകളെ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതെന്ന് സിനിമാ താരം ദേവന്‍. പഴശ്ശിരാജ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് മാനന്തവാടി ചൂട്ടക്കടവ് വീര പഴശ്ശിനഗറില്‍ നടത്തിയ പഴശ്ശി സ്‌മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിലെ ശരിയായ ഏടുകള്‍ മാറ്റിവെച്ച് പലരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് നിലവിലെ പാഠപുസ്‌തകങ്ങള്‍ തയാറാക്കിയിരിക്കുന്നത്. അതാണ് നമ്മുടെ തലമുറകളെ പഠിപ്പിക്കുന്നത്. ലോകത്തിലെ പല പ്രധാന യുദ്ധങ്ങളേപ്പൊലെ തന്നെ പ്രധാനപ്പെട്ട യുദ്ധങ്ങളില്‍ ഒന്നാണ് പഴശ്ശിരാജ നയിച്ചത്. ബ്രിട്ടീഷ് അധികാരികള്‍ തന്നെ പഴശ്ശിയുടെ ധീരതയെ പുകഴ്ത്തിയിട്ടും നമ്മുടെ നാട്ടിലെ ചരിത്രകാരന്‍മാര്‍ അവഗണിക്കുകയാണ് ചെയ്‌തത്.
സഹന സമരത്തിലൂടെ മാത്രമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് പറയുന്നത് പൂര്‍ണ്ണമായും അംഗീകരിക്കാനാകില്ല. ഒരുപാട് ധീരന്മാരുടെ രക്തവും സ്വാതന്ത്ര്യത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം മുതിര്‍ന്ന പ്രചാരകൻ എസ് സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ കമ്മീഷന്‍ അംഗവും സ്വാഗതസംഘം ചെയര്‍പേഴ്‌സണുമായ രുഗ്മിണി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരനായ വി കെ സന്തോഷ് കുമാര്‍ പഴശ്ശി രാജാവിനെ അനുസ്‌മരിച്ച് സംസാരിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം സുരേന്ദ്രന്‍ സ്വാഗതവും ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ പുനത്തില്‍ രാജന്‍ നന്ദിയും പറഞ്ഞു. വി കെ സന്തോഷ് കുമാര്‍ രചിച്ച സ്വാതന്ത്ര്യ സമരത്തിലെ ഗോത്രപര്‍വ്വം എന്ന പുസ്‌തകത്തിന്‍റെ രണ്ടാം പതിപ്പ് ചടങ്ങില്‍ വച്ച് ദേവന്‍ പ്രകാശനം ചെയ്‌തു. വി ചന്ദ്രന്‍, പൈതൃക സംരക്ഷണ കര്‍മ്മ സമിതി അധ്യക്ഷന്‍ എ വി രാജേന്ദ്രപ്രസാദ്, വിരാഹുതി മാസാചരണ സംയോജകൻ എം രജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
അമ്പെയ്ത്ത് ആചാര്യനായ കൊച്ചങ്കോട് ഗോവിന്ദന്‍ ആശാന്‍, എഴുത്തുകാരനായ സുധീര്‍ പറൂര്, ദേശീയതലത്തില്‍ സ്വര്‍ണമെഡല്‍ നേടിയ ഷീനാ ദിനേശ്, മികച്ച ഭാഷാധ്യാപകനുള്ള സംസ്ഥാന പിടിഎ അവാര്‍ഡ് നേടിയ എം ബി ഹരികുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ദേവിക, വേദപ്രകാശ്, വിജയന്‍ കൂവണ എന്നിവര്‍ ഗീതം, കവിത എന്നിവ അവതരിപ്പിച്ചു.
ആചരണം കണ്ണൂരിലും: പഴശ്ശി രക്തസാക്ഷിത്വദിനം കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആചരിച്ചു. ഒട്ടേറെ ചരിത്ര വിദ്യാര്‍ത്ഥികളും ചരിത്രാന്വേഷകരും പഴശ്ശിയുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പഴശ്ശിരാജയുടെ പ്രതിമക്കു മുമ്പില്‍ പുഷ്പ്പാര്‍ച്ചന നടത്തി ആചരിച്ചു. പഴശ്ശിരാജ അനുസ്‌മരണ വേദിയുടെ നേതൃത്വത്തില്‍ പഴശ്ശി കോട്ടക്കുന്നിലെ മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി. കതിരൂര്‍ പുല്ലിയോട്ട് കാവുങ്കര ഇല്ലത്തു നിന്നും ചരിത്ര സ്മൃതികളില്‍ പുനര്‍ജ്ജനി തേടി മുഴക്കുന്നിലെ മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേക്കും സര്‍വ്വജനയാത്ര നടന്നു.
പഴശ്ശിസ്‌മൃതി 219 വര്‍ഷം പിന്നിടുന്നു: ധീരദേശാഭിമാനി പഴശ്ശിരാജയുടെ ഓര്‍മ്മകള്‍ക്ക് 219 വര്‍ഷം പിന്നിടുകയാണ്. 1805 നവംബര്‍ 30 ന് വയനാട് പുല്‍പ്പള്ളി മാവിലാംതോടിന്‍റെ കരയിലായിരുന്നു പഴശ്ശിരാജ വീരമൃത്യു വരിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ കേരളത്തില്‍ യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാവായിരുന്നു വീരകേരളവര്‍മ്മ പഴശ്ശിരാജ.
1774 നും 1805 നും ഇടക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പോരാട്ടം നടത്തി കുറിച്യരേയും മറ്റ് ഗോത്രവിഭാഗങ്ങളേയും സംഘടിപ്പിച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതി നയങ്ങള്‍ക്കെതിരായിരുന്നു പഴശ്ശിരാജാവ് കലാപം നടത്തിയത്. പഴശ്ശിരാജാവിന്‍റെ ആയോധന വീര്യം കണക്കിലെടുത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ 'വീരകേരള സിംഹം' എന്ന് വിശേഷിപ്പിക്കുകയുണ്ടായി.
Also read: വിസ്മരിക്കരുത്... കേരള വര്‍മ പഴശ്ശിയുടെ വീര സമര പോരാട്ടത്തെ