വയനാട്: കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 213 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ 10,907 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരുള്‍പ്പെടെ ഏഴ് പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ്. ജില്ലയില്‍ നിന്നും ശനിയാഴ്ച്ച ആറ് സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച 149 സാമ്പിളുകളില്‍ 132 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. 17 സാമ്പളുകളുടെ ഫലം ലഭിക്കാനുണ്ട്.
വയനാട്ടിലെ 14 ചെക്ക് പോസ്റ്റുകളില്‍ 965 വാഹനങ്ങളിലായി എത്തിയ 1,591 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കി. ഇതില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. നിലവില്‍ ജില്ലയില്‍ 57 വിദേശികള്‍ നിരീക്ഷണത്തിലാണ്. അതിർത്തിയോട് ചേർന്ന് കിടക്കുന്ന കർണാടകത്തിലെ ബൈരകുപ്പയിലുള്ളവർക്ക് അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മാത്രം ജില്ലയിലേക്ക് പ്രവേശിക്കാം. ഇവർ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വിശദമായ വിവരങ്ങള്‍ നല്‍കണം. ജില്ലയിലെ തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ പാര്‍സല്‍ സൗകര്യം രാത്രി എട്ട് മണി വരെ നീട്ടാനും മന്ത്രി എ.കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.