വയനാട്: കടുവയും പുലിയുമൊന്നും വയനാട്ടുകാര്‍ക്ക് പുത്തരിയല്ല. എന്നാല്‍ പലപ്പോഴും ഇവയെല്ലാം ജന ജീവിതത്തെ ആശങ്കയിലാക്കാറുണ്ട്. എന്നാല്‍ ഇത്തവണ നഗര മധ്യത്തിലെത്തിയ പുലികളെ ജനങ്ങള്‍ സന്തോഷത്തോടെയാണ് വരവേറ്റത്.
ഓണാഘോഷത്തിന്‍റെ ഭാഗമായി തൃശൂരില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലെത്തിയ പുലി കളി കലാകാരന്മാരെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് നഗരം സാക്ഷിയത് ഉത്സവ പൂര്‍ണമായ നിമിഷങ്ങളെയായിരുന്നു. സുൽത്താൻ ബത്തേരി നഗരസഭയും കേരള അക്കാദമി ഓഫ് എഞ്ചിനീയറിങും സംഘടിപ്പിച്ച പുലി കളിയാണ് നഗരത്തെ ഉത്സവഛായയിലാക്കിയത്.
ദേഹമാകെ ചായം പൂശി, പ്രത്യേക ചുവട് വെപ്പുകളോടെ ജനങ്ങളെ വിറപ്പിച്ച പുലിക്കൂട്ടത്തെ ഹര്‍ഷാരവത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. കലാകാരനായ കണ്ണന്‍റെ നേതൃത്വത്തിലായിരുന്നു നഗരത്തില്‍ പുലികളെത്തിയത്. ഹാപ്പി ഹാപ്പി സുല്‍ത്താന്‍ ബത്തേരിയുടെ ഭാഗമായാണ് പുലി കളി സംഘടിപ്പിച്ചതെന്ന് നഗരസഭ ചെയർമാൻ ടി.കെ രമേശ് പറഞ്ഞു.
മാവേലിയും മറ്റ് കലാരൂപങ്ങളും ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. കോട്ടക്കുന്നില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ നഗരസഭ കൗൺസിലർമാരടക്കം നിരവധി പേര്‍ പങ്കെടുത്തു.
also read: ഓണത്തിന് പൊതു സമൂഹത്തിന് ഒരു തിരുത്ത്: രാജകീയ പ്രൗഡിയിൽ മാസ് എൻട്രി നടത്തി പെൺ മാവേലി