വയനാട് തലപ്പുഴയിൽ സിപിഎം പ്രവർത്തകനായ സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദം വീണ്ടും പുകയുന്നു. സംഭവത്തിൽ ആരോപണ വിധേയനായ വ്യക്തിക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് നോട്ടക്ക് വോട്ടു ചെയ്യണമെന്ന ആഹ്വാനവുമായി സിപിഎമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറിലാണ് തവിഞ്ഞാൽ സഹകരണ ബാങ്ക് ജീവനക്കാരനായ അനൂട്ടി എന്ന അനിൽ കുമാർ ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ അന്നത്തെ ബാങ്ക് പ്രസിഡന്റ് പി വാസുവാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് അനിൽകുമാർ എഴുതിയിരുന്നു. തുടര്‍ന്ന് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതിൽ പ്രതിഷേധിച്ചാണ് പാര്‍ട്ടിക്കെതിരെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുന്നത്. ഫെയ്സ്ബുക്ക്, വാട്‌സ്ആപ്പ് കൂട്ടായ്മകളിലൂടെ ഇത്തവണ പാര്‍ട്ടിക്ക് പകരം നോട്ടക്ക് വോട്ട് ചെയ്യാനുള്ള ആഹ്വാനം പ്രചരിക്കുകയാണ്.
സംഭവത്തിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ വാസുവിന് തെറ്റുപറ്റിയതായി പറയുന്നുണ്ട്. വാസുവിനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് മാനന്തവാടി ഏരിയാ സെക്രട്ടറി കഴിഞ്ഞ ദിവസം രാജിക്കത്ത് നൽകിയിരുന്നു. സംഭവത്തിൽ പരസ്യ പ്രതികരണത്തിനും പാർട്ടി നേതാക്കള്‍ ഉൾപ്പടെയുള്ളവർ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന.