വയനാട്: കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂരയ്ക്കു വേണ്ടി വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് മാനന്തവാടി സര്‍ക്കാര്‍ കുന്ന് പണിയ ആദിവാസി കോളനിയിലെ മണി. അരയ്ക്കുതാഴെ മണിക്ക് ചലനശേഷിയില്ല. അഞ്ചുവർഷം മുമ്പുണ്ടായ ബസ് അപകടത്തെ തുടർന്നാണ് മണിക്ക് പരസഹായമില്ലാതെ നടക്കാൻ കഴിയാതായത്. ലോട്ടറി ടിക്കറ്റ് വിൽപനയായിരുന്നു ജോലി. അപകടത്തിനുശേഷം എല്ലാ ദിവസവും ടിക്കറ്റ് വിൽക്കാൻ പോകാൻ കഴിയാതായി. കൂലിപ്പണിക്ക് പോകാറുണ്ടായിരുന്നു ഭാര്യ രമ്യ.
പക്ഷെ ഇപ്പോൾ മണിയെ സഹായിക്കാൻ ഒപ്പം കൂടേണ്ടതുകൊണ്ട് ജോലിക്ക് പോകാൻ കഴിയാറില്ല. പ്രായമായ അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകും. അതുകൊണ്ട് മാത്രം പക്ഷേ എല്ലാ ദിവസവും അടുപ്പു പുകയില്ല. സ്വന്തമായി സ്ഥലം ഇല്ലാത്തതുകൊണ്ട് കൊണ്ട് ഇതുവരെ വീട് പണിയാൻ എവിടെ നിന്നും സഹായം കിട്ടിയിട്ടില്ല. മഴ കനക്കുമ്പോൾ തകർന്നു വീഴാറായ വീട്ടിൽ നിന്നിറങ്ങി ബന്ധുവീടുകളിൽ ഇവർ അഭയം തേടും. ഒമ്പതാം ക്ലാസിലും നാലാംക്ലാസിലുമാണ് മണിയുടെ മക്കൾ പഠിക്കുന്നത് . മണിയുടെ 75 വയസു കഴിഞ്ഞ അച്ഛനും ജോലിക്ക് പോകാൻ കഴിയാറില്ല.