വയനാട്: നിലമ്പൂരില്‍ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍. കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്‌റഫിന്‍റെ ഭാര്യ ഫസ്‌നയെ വയനാട്ടിലെ വീട്ടിൽ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തത്. കുറ്റകൃത്യത്തെ കുറിച്ച് ഫസ്‌നയ്‌ക്ക് അറിവുണ്ടായിരുന്നു എന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പൊലീസ് കണ്ടെത്തൽ.
കൊലപാതകം നടന്ന സമയം വീട്ടിൽ ഫസ്‌ന ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ പൊലീസ് സ്ഥിരീകരിച്ചിരുന്നു. 2019 ഓഗസ്റ്റിലാണ് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നത്. 2020ലാണ് ഷാബാ ഷെരീഫ് കൊല്ലപ്പെടുന്നത്.
കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫ്, മൃതദേഹം പുഴയില്‍ ഏറിയാന്‍ സഹായിച്ച വയനാട് സ്വദേശികളായ ഷിഹാബുദ്ദീൻ, നൗഷാദ്, നിലമ്പൂർ സ്വദേശി നിഷാദ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. കൊലപാതക കേസിലെ മറ്റൊരു പ്രതിയായ റിട്ട. എസ്‌ഐ സുന്ദരൻ സുകുമാരനെ പിടികൂടാനുണ്ട്. ഇയാൾ നിലവിൽ ഒളിവിലാണ്.
മൂലക്കുരു ചികിത്സയ്‌ക്കുള്ള ഒറ്റമൂലി മരുന്നിന്‍റെ രഹസ്യം ചോർത്താൻ വേണ്ടിയാണ് ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയത്. ഒന്നര വർഷം ബന്ദിയാക്കി അതിക്രൂരമായി പീഡിപ്പിച്ച ശേഷം വൈദ്യനെ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി ചാലിയാർ പുഴയിൽ തള്ളുകയായിരുന്നു.