വയനാട്: ഉരുൾപൊട്ടലുണ്ടായ പുത്തുമലയിലെ തിരച്ചിൽ അവസാനിപ്പിച്ച് ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ മടങ്ങി. കഴിഞ്ഞ ഒമ്പത് മുതൽ സേനാംഗങ്ങൾ പുത്തുമലയിൽ സജീവമായിരുന്നു. ചെന്നൈയിൽ നിന്നുള്ള നൂറുപേരടങ്ങുന്ന സംഘമായിരുന്നു വയനാട്ടിൽ തിരച്ചിൽ നടത്തിയത്. കാണാതായവർക്ക് വേണ്ടി പുത്തുമലയിലും സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ കാന്തൻപാറ വെള്ളച്ചാട്ടം വരെയും നിലമ്പൂർ ഭാഗത്തും നടത്തിയ തിരച്ചിൽ നയിച്ചത് സേനാംഗങ്ങൾ ആയിരുന്നു.
പൊലീസ്, വനം വകുപ്പ്, അഗ്നിശമന സേനാംഗങ്ങൾ, നാട്ടുകാർ എന്നിവരുൾപ്പെട്ട സംഘം നാളെ കൂടി പുത്തുമലയിൽ തിരച്ചിൽ നടത്തും. ഉരുൾ പൊട്ടലിൽ കാണാതായ ഹംസയുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് നാളെ കൂടി തിരച്ചിൽ നടത്തുന്നത്. ഇതിനുശേഷം തിരച്ചിൽ നിർത്തും. 17 പേരെയാണ് പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായത്. ഇതിൽ 12 പേരുടെ മൃതദേഹം കണ്ടെത്തി. തിരച്ചിൽ തുടരേണ്ടതില്ലെന്നാണ് ഇനിയും കണ്ടെത്താനുള്ളവരുടെ ബന്ധുക്കളുടെ അഭിപ്രായം.