വയനാട്: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് യുഡിഎഫ് ബദൽ സമരത്തിന് ഒരുങ്ങുന്നു. വിഷയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയിൽ നിന്ന് ചെയർമാൻ ഐ.സി ബാലകൃഷ്‌ണൻ എംഎൽഎ രാജിവെച്ചതോടെയാണ് യുഡിഎഫ് ബദല്‍ സമരത്തിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമായത്. ദേശീയപാത ട്രാൻസ്പോർട്ട് പ്രൊട്ടക്ഷൻ കമ്മിറ്റിയിൽ നിന്ന് കഴിഞ്ഞയാഴ്‌ചയാണ് ഐ.സി ബാലകൃഷ്‌ണൻ രാജിവെച്ചത്. മറ്റ് കോൺഗ്രസ്- മുസ്ലീം ലീഗ് അംഗങ്ങളും രാജിവെച്ചിരുന്നു.
സുപ്രീം കോടതിയിൽ സമർപ്പിക്കേണ്ട സത്യവാങ്മൂലം തയ്യാറാക്കാൻ ആക്ഷൻ കമ്മിറ്റിയുമായി സർക്കാർ യോഗം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും അതിന് തയ്യാറായിട്ടില്ലെന്ന് ഐ.സി ബാലകൃഷ്‌ണൻ പറഞ്ഞു. വിഷയത്തില്‍ സർക്കാരിന്‍റെ മെല്ലെപ്പോക്ക് നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജി. എന്നാൽ എംഎൽഎയുടെ നടപടി ജനവഞ്ചന ആണെന്നാണ് സിപിഎം നിലപാട്. രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസ് ഈ മാസം 20ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.