വയനാട്: വയനാട്ടിൽ പുല്ലരിയാൻ പോയ യുവാവിനെ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ (Wayanad tiger attack) നരഭോജിയായ കടുവയെ വെടിവച്ച് കൊല്ലണമെന്ന ഉത്തരവിറങ്ങിയതിന് ശേഷം മാത്രമേ മരണപ്പെട്ട പ്രജീഷിന്‍റെ മൃതദേഹം ഏറ്റുവാങ്ങുകയുള്ളൂ എന്ന് ഐ സി ബാലകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വെടി വയ്‌ക്കാൻ ഉത്തരവിറക്കുമെന്ന് വനം മന്ത്രി: താൻ ജനവികാരത്തിനൊപ്പമാണെന്നും കടുവയെ വെടി വയ്‌ക്കാൻ നിയമപരമായി ഉത്തരവിറക്കാൻ തടസങ്ങളിലെന്നും ഇതുമായി ബന്ധപ്പെട്ട് താൻ വനംമന്ത്രിയോട് സംസാരിച്ചതായും ഉത്തരവിറക്കുമെന്ന് വനം മന്ത്രി ഉറപ്പു നൽകിയതായും എംഎൽഎ പറഞ്ഞു. ഉത്തരവിറങ്ങിയാൽ കടുവയെ വെടിവെക്കാനായി ഡോക്‌ടർമാർ സജ്ജമാണ്. വാകേരിയിൽ കൂടുതൽ വനപാലകരെ നിയോഗിക്കാൻ സിസിഎഫിനോട് ആവശ്യപ്പെട്ടതായും ബത്തേരി എംഎൽഎ ഐസി ബാലകൃഷ്‌ണൻ പറഞ്ഞു.
പോസ്റ്റുമോർട്ടം പൂർത്തിയായി: പ്രജീഷിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് 11-ഓടെ പൂർത്തിയായി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം ചെയ്‌തത്. കടുവയെ വെടി വയ്‌ക്കാനുള്ള ഉത്തരവിറക്കാത്ത സാഹചര്യത്തിൽ സംസ്‌കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടായിട്ടില്ല.
ഇന്നലെ രാവിലെ 11 മണിയോടെയാണ് പാടത്ത് പുല്ലരിയാന്‍ പ്രജീഷ് പോയത്. എന്നാല്‍ വൈകിട്ട് പാലളക്കുന്ന സമയമായിട്ടും പ്രജീഷ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും.
കടുവയ്ക്കായി കെണിവയ്ക്കാനാണ് സാധ്യത കൂടുതൽ. അതിന് പുറമെ, കടുവയുടെ കാൽപ്പാടുകൾ നോക്കി, വനംവകുപ്പിന്‍റെ തെരച്ചിലും ഉണ്ടാകും. പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതിനാല്‍ തന്നെ പ്രദേശത്ത് ജനങ്ങള്‍ വലിയ ഭീതിയിലാണ്. നരഭോജി കടുവയാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. സംഭവത്തെതുടര്‍ന്ന് ഇന്നലെ രാത്രി ഐസി ബാലകൃഷ്‌ണന്‍ എംഎല്‍എ, ഡിഎഫ്ഒ ഷജ്‌ന കരീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
കുടുംബത്തിന് അടിയന്തര ധനസഹായം: കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാനും കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കാനും മേഖലയിലെ വനാതിര്‍ത്തിയില്‍ ടൈഗര്‍ ഫെന്‍സിങ് സ്ഥാപിക്കാനും യോഗത്തില്‍ ധാരണയായിരുന്നു. കാട് വെട്ടി തെളിക്കാൻ സ്വകാര്യ വ്യക്തികളായ ഭൂവുടമകൾക്ക് നിർദേശം നൽകാനും കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നോർത്ത് സിസിഎഫിന് കൈമാറാനും ധാരണയായിരുന്നു. കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിറക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഇന്നലെയായിരുന്നു നാട്ടിനെ ഞെട്ടിച്ച സംഭവം. പ്രജീഷിന്‍റെ ശരീരം പകുതിയോളം ഭക്ഷിച്ച നിലയില്‍ സമീപത്തുള്ള വയലിലാണ് കണ്ടെത്തിയത്. സ്ഥലത്ത് ശരീര അവശിഷ്‌ടങ്ങൾ ചിതറിയ നിലയിലാണ് കിടന്നിരുന്നത്.
Also read: വയനാട്ടില്‍ യുവാവിനെ കടുവ കൊന്നു, ശരീരം പകുതിയോളം ഭക്ഷിച്ച നിലയില്‍