വയനാട്: ശാസ്‌ത്രലോകത്തിന് വിസ്‌മയമായ തുലാത്തുമ്പികളുടെ ദേശാടനം തുടങ്ങി. ഇന്ത്യയിലെ പശ്ചിമഘട്ടമേഖലയിൽ നിന്ന് ആഫ്രിക്കയിലേക്കാണ് ഇവയുടെ ദേശാടനം. പ്രാണിവർഗത്തിൽ ഇതുവരെ തിരിച്ചറിഞ്ഞതിൽ വച്ച് ലോകത്ത് ഏറ്റവും കൂടുതൽ ദൂരം ദേശാടനം ചെയ്യുന്നത് തുലാത്തുമ്പികളാണ്. തുലാത്തുമ്പി, ഓണത്തുമ്പി എന്നെല്ലാം വിളിക്കുന്ന ഇവയ്‌ക്ക് വെറും നാല് സെന്‍റിമീറ്റർ മാത്രമാണ് നീളമുള്ളത്. ദേശാടനത്തിന്‍റെ ഭാഗമായി പതിനാറായിരം കിലോമീറ്ററെങ്കിലും ഇവ സഞ്ചരിക്കും.
സെപ്റ്റംബർ -ഒക്‌ടോബർ മാസങ്ങളിലാണ് തുലാത്തുമ്പികൾ ഇന്ത്യയിൽ നിന്ന് ദേശാടനം തുടങ്ങുന്നത്. ഡിസംബർ- ഫെബ്രുവരി മാസങ്ങളിൽ തെക്കൻ ആഫ്രിക്കയിലെത്തി പ്രജനനം നടത്തും. മാർച്ച്- മെയ് മാസങ്ങളിൽ കിഴക്കൻ ആഫ്രിക്കയിൽ എത്തുന്ന ഇവ ജൂൺ- ജൂലൈ മാസങ്ങളിൽ തിരിച്ച് ഇന്ത്യയിൽ എത്തും. ഇവിടെ നിന്ന് പോകുന്ന തുമ്പികളുടെ നാലാം തലമുറയാണ് തിരിച്ചുവരുന്നത്. ആയിരക്കണക്കിന് തുമ്പികളാണ് ഇന്ത്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് ദേശാടനം ചെയ്യുന്നത്. എന്നാൽ വളരെ കുറച്ച് തുമ്പികൾ മാത്രമാണ് തിരിച്ച് ഇന്ത്യയിലേക്ക് വരിക. മഴയെ തുടർന്ന് ഉണ്ടാകുന്ന വെള്ളക്കെട്ടുകളാണ് ഇവയുടെ പ്രജനന കേന്ദ്രം. മറ്റ് തുമ്പികളുടെ ലാർവകൾ പൂർണ വളർച്ച എത്താൻ ശരാശരി ആറുമാസത്തോളം സമയം എടുക്കുമ്പോൾ തുലാത്തുമ്പികളുടെ ലാർവകൾ 40 ദിവസങ്ങൾക്കുള്ളിൽ പൂർണ വളർച്ചയെത്തും.