വയനാട്: മാവോയിസ്റ്റ് സാന്നിധ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും വയനാട്ടിൽ എത്തുന്നു. ഈ മാസം 23നാണ് ഇരുവരും പങ്കെടുക്കുന്ന യോഗം വയനാട്ടിലെ കൽപ്പറ്റയിൽ നടക്കുന്നത്. ഇതിനിടെ നേരത്തെ മാവോയിസ്റ്റുകൾ എത്തിയ മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ആദിവാസി കോളനിയിൽ കലക്ടറുടെ നേതൃത്വത്തിൽ അദാലത്ത് നടത്തി.
18 വീടുകളാണ് ചൂരൽമല അംബേദ്കർ പണിയ ആദിവാസി കോളനിയിൽ ഉള്ളത്. കുട്ടികൾ ഉൾപ്പെടെ 75 പേരാണ് താമസക്കാർ. 25 വർഷം മുൻപാണ് കോളനി സ്ഥാപിച്ചത്. ഇപ്പോഴും ഇവിടെ കുടിവെള്ളമില്ല. നല്ല റോഡുകൾ ഇല്ല. കോളനി വാസികൾ സ്വകാര്യവ്യക്തികളുടെ കിണറുകളിൽ നിന്നും മറ്റും വെള്ളമെടുക്കാൻ താൽക്കാലിക സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ പ്രളയത്തിലും മണ്ണിടിച്ചിലിലും അതെല്ലാം നശിച്ചു. ആറുമാസം മുൻപാണ് ഇവിടെ മാവോയിസ്റ്റുകൾ എത്തിയത്
110 പരാതികളാണ് കലക്ടറുടെ മുമ്പിലെത്തിയത്. സമീപത്തുള്ള മറ്റു നാല് ആദിവാസി കോളനികളിൽ നിന്നുള്ളവരും പരാതിയുമായെത്തി. പിന്നാക്കം നിൽക്കുന്ന ആദിവാസി കോളനികളിലെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണാൻ ജില്ലയിൽ തുടങ്ങിയ പദ്ധതിയുടെ ഭാഗമായാണ് അദാലത്ത് നടത്തിയത്. ഇതിൻറെ ഭാഗമായി ജില്ലാ കലക്ടർ, എസ് പി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മാസത്തിലൊരിക്കൽ ആദിവാസി കോളനികളിൽ എത്തണം.