വയനാട്: കണ്ണൂര്‍ വയനാട് വനമേഖലയായ ആറളത്തുണ്ടായ തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് പോസ്റ്ററുകള്‍. ആന്ധ്രാപ്രദേശ് റായൽസീമ സ്വദേശിയും മാവോയിസ്റ്റ് നേതാവുമായ ലക്ഷ്‌മി എന്ന കവിതയാണ് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്ററുകളില്‍ ഉള്ളത്. ഇന്നലെ (ഡിസംബര്‍ 28) രാത്രിയില്‍ വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനിയില്‍ എത്തിയ ആറംഗ മാവോയിസ്റ്റ് സംഘം പോസ്റ്ററുകള്‍ പതിച്ചെന്നും തങ്ങള്‍ക്ക് കത്ത് വിതരണം ചെയ്‌തുവെന്നും പ്രദേശവാസികള്‍ പറയുന്നു.
ഇക്കഴിഞ്ഞ നവംബര്‍ 13ന് കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ ഞെട്ടിത്തോട് മേഖലയില്‍ വച്ചാണ് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ കവിത ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചതെന്നാണ് മാവോയിസ്റ്റ് സംഘം വിതരണം ചെയ്‌ത കത്തില്‍ പറയുന്നത്. ഇവരുടെ മൃതദേഹം പശ്ചിമഘട്ട വനമേഖലയിൽ സംസ്‌കരിച്ചെന്നും കത്തിൽ വ്യക്തമാക്കുന്നു. രക്തകടങ്ങൾ രക്തത്താൽ പകരം വീട്ടുമെന്നും കത്തില്‍ പറയുന്നുണ്ട്.
നവംബര്‍ 13ന് രാവിലെയായിരുന്നു തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഞെട്ടിത്തോട് മേഖലയില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് പരിശോധനയ്‌ക്കിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. തുടര്‍ന്നാണ് തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചടിച്ചത്.
ഈ ഏറ്റുമുട്ടലില്‍ ചില മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് ഡിഐജി പുട്ട വിമലാദിത്യ അന്ന് വ്യക്തമാക്കിയിരുന്നു. ഏറ്റുമുട്ടലിന് പിന്നാലെ മാവോയിസ്റ്റ് സംഘത്തിന്‍റെ പക്കല്‍ നിന്നും തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
ഇതിന് പിന്നാലെ, ഉരുപ്പംകുറ്റിയിലും മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടലുണ്ടായിരുന്നു. രാത്രി പത്ത് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ ഒരു മണിക്കൂറോളം നീണ്ടുനിന്നിരുന്നു.