വയനാട്: 2016ലെ പോരാട്ടം ആവർത്തിക്കുമ്പോൾ ജനമനസുകളുടെ പിന്തുണ തേടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മാനന്തവാടി മണ്ഡലത്തിലെ ഓരോ സ്ഥാനാർഥികളും. 2008 ലാണ് മാനന്തവാടി മണ്ഡലം രൂപീകരിച്ചത്. ഇടതു വലത് സ്ഥാനാർഥികളെ ഓരോ തവണ ജയിപ്പിച്ച മണ്ഡലം കൂടിയാണ് മാനന്തവാടി.
2011ൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ ജയലക്ഷ്‌മിയെ പിന്തുണച്ച ജനങ്ങൾ 2016 ൽ എൽ.ഡി.എഫ് സ്ഥാനാർഥി ഒ.ആർ കേളുവിനെയാണ് പിന്തുണച്ചത്. ഇത്തവണയും ഇരുവരെയും തന്നെയാണ് ഇരുമുന്നണികളും സ്ഥാനാർഥികളായി തെരഞ്ഞെടുത്തിരിക്കുന്നത്. മണ്ഡലം നിലനിർത്താൻ ഒ.ആർ കേളു ശ്രമിക്കുമ്പോൾ മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ജയലക്ഷ്‌മി. അഞ്ച് വർഷം കൊണ്ട് താൻ മണ്ഡലത്തിൽ കൊണ്ടു വന്ന വികസന പ്രവർത്തനങ്ങൾ ഉയർത്തി കാട്ടിയാണ് കേളു പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. വയനാട് മെഡിക്കൽ കോളേജ് മാനന്തവാടിയിൽ തന്നെ യാഥാർഥ്യമായതാണ് സിറ്റിങ് എം.എൽ.എ കൂടിയായ ഇടത് സ്ഥാനാർഥി ഉയർത്തി കാട്ടുന്ന പ്രധാന നേട്ടം. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് തേടാനാണ് അദ്ദേഹത്തിന്‍റെ ശ്രമം. അതേ സമയം ആത്മവിശ്വാസത്തോടെയാണ് 2011ലെ തെരഞ്ഞെടുപ്പിൽ മാനന്തവാടി പിന്തുണച്ച പി.കെ ജയലക്ഷ്‌മി ഇത്തവണ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാനുള്ള കഠിനപ്രയത്നത്തിലും കൂടിയാണ് ജയലക്ഷ്‌മി. പള്ളിയറ മുകുന്ദനാണ് മാനന്തവാടിയിലെ എൻ.ഡി.എ സ്ഥാനാർഥി. ഇടത് വലത് സ്ഥാനാർഥികളേക്കാൾ വൈകിയാണ് മണ്ഡലത്തിൽ എത്തിയതെങ്കിലും പരമാവധി വോട്ടുകൾ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് മുകുന്ദൻ.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് പോരാട്ടം ആവർത്തിക്കപ്പെടുമ്പോൾ മാനന്തവാടിയിലെ ജനങ്ങളുടെ പിന്തുണ നേടാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ സ്ഥാനാർഥികളും.