വയനാട്: സ്വാഭാവിക വനം വെട്ടിമാറ്റി തേക്ക് നടുന്നതിനെതിരെ മാനന്തവാടി നഗരസഭ പ്രതിഷേധത്തിന് ഒരുങ്ങുന്നു. അടുത്ത വ്യാഴാഴ്ച നഗരസഭയുടെ നേതൃത്വത്തിൽ വെട്ടിമാറ്റാൻ ഒരുങ്ങുന്ന വനത്തോട് ചേർന്ന് മനുഷ്യചങ്ങല സംഘടിപ്പിക്കും.
നോർത്ത് വയനാട് ഡിവിഷനിലെ ബേഗൂർ റേഞ്ചിൽ പരാജയപ്പെട്ട തേക്ക് തോട്ടത്തിൽ സ്വാഭാവികമായുണ്ടായ 98 ഏക്കർ വനമാണ് വനംവകുപ്പ് വെട്ടിമാറ്റാൻ ഒരുങ്ങുന്നത്. മാനന്തവാടി നഗരസഭയിലും തിരുനെല്ലി പഞ്ചായത്തിലുമാണ് വനം ഉൾപ്പെടുന്നത്. തീരുമാനത്തിൽനിന്ന് വനംവകുപ്പ് പിൻമാറണമെന്നാവശ്യപ്പെട്ട് മാനന്തവാടി നഗരസഭയുടെ ജൈവവൈവിധ്യ പരിപാലന സമിതി പ്രമേയം പാസാക്കിയിട്ടുണ്ട്. 155 ഇനം പക്ഷികളെയും 97 ഇനം പൂമ്പാറ്റകളെയും 15 ഇനം സസ്‌തനികളെയും 21 ഇനം പാമ്പുകളെയും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രമേയത്തിൽ പറയുന്നു. മാത്രമല്ല സമീപ പ്രദേശങ്ങളിലെ കുടിവെള്ള ലഭ്യത ഈ വനത്തെ ആശ്രയിച്ചാണുള്ളത്. വനം വെട്ടി മാറ്റുന്നതിനെക്കുറിച്ച് പഠിക്കാൻ കേരള വനഗവേഷണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും അന്തിമതീരുമാനം എന്നുമാണ് വനംവകുപ്പ് പറയുന്നത്.