വയനാട്: വയനാട് വാകേരിയില്‍ കെണിയിലകപ്പെട്ട നരഭോജി കടുവയെ സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.ഇന്ന് ഉച്ചയോടെയാണ് വാകേരി കൂടല്ലൂരില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്.പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കടുവയെ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുപോകും(Man Eating Tiger Will Be Shifted To Thrissur Zoological Park). വനം വകുപ്പും ജനപ്രതിനിധികളും ജില്ലാ ഭരണകൂട പ്രതിനിധികളും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
വെടിവെച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍ രാത്രിയിലും രംഗത്തുണ്ടായിരുന്നു. കടുവയിലെ കുപ്പാടിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി യ ശേഷമായിരിക്കും തൃശൂരിലേക്ക് മാറ്റുക. അവിടെ വരെയുള്ള യാത്രയില്‍ പ്രദേശവാസികളില്‍ നാല് പേര്‍ക്ക് വേണമെങ്കില്‍ കൂടെ പോകാമെന്നുള്ള അനുമതി ചര്‍ച്ചയില്‍ നല്‍കി.
കൂടാതെ കൊല്ലപ്പെട്ട പ്രജീഷിന്റെ ബന്ധുവിന് ഏറ്റവും അടുത്ത ദിവസം തന്നെ വനം വകുപ്പ് നല്‍കുന്ന ജോലിയില്‍ പ്രവേശിക്കാനുള്ള അനുമതിയും നല്‍കി. കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നുള്ള ആവശ്യമുന്നയിച്ച് ഭരണകൂടം ശുപാര്‍ശ നല്‍കും തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയുടെ ഭാഗമായി വന്നു. ചര്‍ച്ച അവസാനിച്ചെങ്കിലും ജനകീയ പ്രതിഷേധം മുന്‍നിര്‍ത്തി ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ കേണിച്ചിറ, നൂല്‍പ്പുഴ, മീനങ്ങാടി സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലാണ് രാത്രി എട്ട് മണിക്ക് കടുവയെ മൂടക്കൊല്ലിയില്‍ നിന്നും കൊണ്ടുപോയത്.
എം എല്‍ എ ഐ.സി ബാലകൃഷ്ണനടക്കമുള്ള ജനപ്രതിനിധികളും, സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് ഐഎഎസ്, എഡിഎം എന്‍.ഐ ഷാജു തുടങ്ങിയവരും ഉന്നത വനപാലകരും ചര്‍ച്ചയില്‍ പങ്കെടുത്തു. കടുവയുടെ മുഖത്തും മറ്റിടങ്ങളിലും വലിയ രീതിയിലുള്ള പരിക്കുണ്ട്. 13 വയസുള്ള കടുവയാണ് കെണിയിലായത്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മൃഗപരിപാലന കേന്ദ്രത്തില്‍ കടുവയ്ക്ക് ചികിത്സ നല്‍കിയശേഷം പിന്നീട് തൃശ്ശൂരിലെ പുത്തൂർ മൃഗശാലയിലേക്ക് കൊണ്ടുപോകും. നിലവില്‍ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തില്‍ സ്ഥലപരിമിതിയുണ്ട്. നേരത്തെ പിടികൂടിയ കടുവകള്‍ ഇവിടെയുണ്ട്. ഇതിനാല്‍ ഒരു കടുവയെ കൂടി ഇവിടെ പാര്‍പ്പിക്കാനുള്ള സൗകര്യമില്ല. ഈ സാഹചര്യത്തിലാണ് തൃശ്ശൂരിലേക്ക് മാറ്റുന്നതെന്ന് സൗത്ത് വയനാട് ഡിഎഫ്ഓ സജ്‌നാ കരീം മാധ്യമങ്ങളോട് പറഞ്ഞു.