വയനാട്: ലോക്ക് ഡൗൺ ഇളവുകൾ വന്നിട്ടും ദുരിതത്തിൽ തന്നെയാണ് സംസ്ഥാനത്തെ പന്നി ഫാം ഉടമകള്‍. പന്നികൾക്ക് ആവശ്യത്തിന് തീറ്റ കിട്ടാത്തതാണ് പ്രധാന പ്രതിസന്ധി. ആറായിരത്തോളം പന്നി ഫാമുകളാണ് സംസ്ഥാനത്തുള്ളത്. 110ഓളം കർഷകരാണ് വയനാട്ടിലുള്ളത്. ലോക്ക് ഡൗണില്‍ ഹോട്ടലുകൾ അടച്ചതോടെ ഇവിടെ നിന്നുമെത്തുന്ന ഭക്ഷണ മാലിന്യങ്ങൾ പന്നികൾക്ക് കിട്ടാതെയായി. പുല്ലും വാഴപ്പിണ്ടിയും വല്ലപ്പോഴും മാത്രം ലഭിക്കുന്ന കോഴിമാലിന്യവുമാണ് ഇപ്പോൾ തീറ്റയായി പന്നികൾക്ക് നൽകുന്നത്. തീറ്റ കുറഞ്ഞതോടെ പന്നികളുടെ ഭാരം കുറഞ്ഞു. കല്യാണ ആഘോഷങ്ങളും മറ്റും ഇല്ലാതായതോടെ പന്നിയിറച്ചിക്ക് ആവശ്യക്കാരും കുറഞ്ഞു.
ജില്ലയിലെ ചില കർഷകർ പന്നികൾക്ക് തീറ്റയായി കർണാടകയിൽ നിന്നും ചോളം എത്തിക്കാറുണ്ട്. എന്നാൽ സാമ്പത്തിക ബാധ്യത കാരണം ഇതും തുടരാനാവാത്ത സ്ഥിതിയാണ്. ഈസ്റ്ററും വിഷുവും മുൻകൂട്ടി കണ്ട് കൂടുതൽ പന്നികളെ വളർത്തിയ കർഷകരാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷനിൽ അംഗങ്ങളായ 20ഓളം പേര്‍ കിട്ടിയ വിലയ്ക്ക് പന്നികളെ വിറ്റ് പന്നി വളര്‍ത്തല്‍ ഉപേക്ഷിച്ചിരുന്നു.