വയനാട്: ജോസ് കെ മാണി യുഡിഎഫിലേക്ക് തിരിച്ച് വരും എന്നാണ് വിശ്വസിക്കുന്നതെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന വർക്കിങ് ചെയർമാൻ എംസി സെബാസ്റ്റ്യൻ. വെന്‍റിലേറ്ററില്‍ കഴിയുന്ന പാർട്ടികൾക്ക് എൽഡിഎഫിലേക്ക് പ്രവേശനം ഇല്ലെന്ന കാനം രാജേന്ദ്രന്‍റെ പ്രസ്താവനക്ക് മറുപടിയായാണ് സെബാസ്റ്റ്യൻ ഇക്കാര്യം പറഞ്ഞത്.
സിപിഐയുടെ അവസ്ഥ ജോസ് കെ മാണിക്ക് വരരുതെന്ന് ആഗ്രഹം ഉള്ളത് കൊണ്ടായിരിക്കാം കാനം രാജേന്ദ്രൻ വെൻ്റിലേറ്ററിൽ കിടക്കുന്നവർക്ക് എൽഡിഎഫിലേക്ക് പ്രവേശനമില്ല എന്ന് പറഞ്ഞത്. ജോസ് കെ മാണിയെ തിരിച്ച് കൊണ്ടുവരാൻ ജേക്കബ് വിഭാഗവും മുൻകൈ എടുക്കമെന്നും ജോസ് കെ മാണി എൻഡിഎയിലേക്ക് പോകും എന്ന് കരുതുന്നില്ലന്നും അദേഹം പറഞ്ഞു . ജോസ് കെ മാണി വിഭാഗം തിരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ചാൽ ശക്തി തെളിയിക്കാൻ കഴിയുമെന്ന് കരുതുന്നില്ല. പക്ഷേ അവരുടെ ശക്തിയെ കുറച്ചു കാണുന്നുമില്ല. സംസ്ഥാന സർക്കാരിന്‍റെ ചെലവിൽ സിപിഎം ഇപ്പോൾ തന്നെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള പ്രചാരണം തുടങ്ങി കഴിഞ്ഞതായി സെബാസ്റ്റ്യൻ ആരോപിച്ചു. വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ വേണ്ടപ്പെട്ട പ്രവാസികളെ സർക്കാർ നാട്ടിലെത്തിക്കും. അതുവരെ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി സമയം കളയുമെന്നും സെബാസ്റ്റ്യൻ കൂട്ടിച്ചേർത്തു.