വയനാട്: ലതികാ സുഭാഷിന്‍റെ പ്രതിഷേധം വളരെയധികം വിഷമിപ്പിച്ചെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് കെസി റോസക്കുട്ടി. ലതിക തലമുണ്ഡനം ചെയ്‌തപ്പോൾ പുരുഷ മേധാവിത്വത്തിന്‍റെ തല മുണ്ഡനം ചെയ്‌തതു പോലെയാണ് തോന്നിയതെന്നും കെസി റോസക്കുട്ടി പറഞ്ഞു. ലതികയുടെ പ്രതിഷേധത്തെ നിസ്സാരമായി കാണാനാവില്ല. പ്രതിഷേധങ്ങളെ നേതാക്കൾ ലാഘവത്തോടെയും പുച്ഛത്തോടെയും കാണുന്നത് നല്ലതല്ല. വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് പാർട്ടി പുനർചിന്തനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കെസി റോസക്കുട്ടി പറഞ്ഞു.
ലതിക സംഭവം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ദോഷകരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. പാർട്ടി പ്രതിവിധി കാണണം. ഇപ്പോഴും നേതാക്കൾ ന്യായീകരിക്കുന്നത് മനസിലാകുന്നില്ല. സുപ്രധാന തീരുമാനമെടുക്കുന്ന പാർട്ടി കമ്മിറ്റികളിലേക്ക് സ്ത്രീകളെ ഉൾപ്പെടുത്താറില്ലെന്നും കെസി റോസക്കുട്ടി കുറ്റപ്പെടുത്തി. പാർട്ടിയിലാണെങ്കിലും വീട്ടിലാണെങ്കിലും തിരുത്തൽ ശബ്ദം ഉയരേണ്ട സമയത്ത് ഉയരണം. അതുകൊണ്ടാണ് പ്രതികരിച്ചത്. കൽപ്പറ്റ സീറ്റ് വയനാട്ടിൽ ഉള്ളവർക്കു തന്നെ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൽപ്പറ്റ സീറ്റ് പിടിച്ചു പറിക്കില്ലെന്നും കെസി റോസക്കുട്ടി പറഞ്ഞു.