വയനാട്: വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗത്തില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പുനസ്ഥാപിക്കുമെന്ന് സബ് കലക്‌ടർ എന്‍ എസ് കെ ഉമേഷ്. കഴിഞ്ഞ നാല് മാസമായി സ്വകാര്യ മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് കാരുണ്യപദ്ധതിയിലെ സഹായം ലഭിക്കുന്നുണ്ടായിരുന്നില്ല. ഹൃദ്രോഗ വിഭാഗം ഒഴികെയുള്ള സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇത് സംബന്ധിച്ച് ഇടിവി ഭാരത് കഴിഞ്ഞ ദിവസം റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സബ് കലക്ടറുടെ നടപടി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അഞ്ച് സർക്കാർ ആശുപത്രികളും ഒരു സ്വകാര്യ മെഡിക്കൽ കോളജുമാണ് ജില്ലയിലുള്ളത്. സർക്കാർ മെഡിക്കൽ കോളജ് ഇല്ലാത്തതിനാൽ വിദഗ്‌ദ ചികിത്സക്കായി കൂടുതല്‍ പേരും ആശ്രയിക്കുന്നത് സ്വകാര്യ മെഡിക്കൽ കോളജിനെയാണ്. അധികം വൈകാതെ തന്നെ ഹൃദ്രോഗ വിഭാഗം പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്താൻ നടപടിയെടുക്കുമെന്ന് പദ്ധതിയുടെ ജില്ലാ പരാതി പരിഹാര സമിതി അധ്യക്ഷൻ കൂടിയായ സബ് കലക്‌ടർ പറഞ്ഞു.