വയനാട് : പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കോൺഗ്രസ് ലീഡേഴ്‌സ് മീറ്റിൽ തുറന്നടിച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ. പുനഃസംഘടന പൂർത്തിയാക്കാൻ ആയില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് ഇരിക്കില്ലെന്ന് കെ സുധാകരൻ പറഞ്ഞു. പ്രതീക്ഷയ്‌ക്കൊത്ത് കെപിസിസിയെ മുന്നോട്ടുകൊണ്ടുപോകാൻ ആകുന്നില്ല.
കുറച്ച് നേതാക്കൾ പുനസംഘടനയോട് സഹകരിക്കുന്നില്ല. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ല. മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡണ്ട് ആരാണെന്ന് ടി എൻ പ്രതാപനോട് ചോദിച്ച അദ്ദേഹം ലീഡേഴ്‌സ് മീറ്റിൽ സംഘടനാരേഖയും അവതരിപ്പിച്ചു.
രണ്ടുദിവസമായി ചേരുന്ന യോഗത്തിൽ കെപിസിസി ഭാരവാഹികളും രാഷ്‌ട്രീയകാര്യ സമിതി അംഗങ്ങളും ഡിസിസി അധ്യക്ഷന്മാരുമാണ് പങ്കെടുക്കുന്നത്. സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. നിലവിലെ രാഷ്‌ട്രീയ സംഘടന വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകളാണ് അജണ്ടയിൽ ഉള്ളത്.
കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ പലതും നടപ്പായില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് രണ്ടാം ചിന്തൻ ശിബിരത്തിന് സമാനമായ ലീഡേഴ്‌സ് മീറ്റ് നടക്കുന്നത്.