വയനാട്: വയനാട്ടിൽ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. വയനാട് മെഡിക്കല്‍ കോളേജിൽ എത്തിച്ച കുഞ്ഞിന്‍റെ ചികിത്സയില്‍ വീഴ്‌ച വരുത്തിയ ഡോക്‌ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. മെഡിക്കല്‍ കോളജിലെ താത്‌കാലിക ജൂനിയര്‍ റസിഡന്‍റ് ഡോ. രാഹുല്‍ സാജുവിനെയാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാൾ പിരിച്ചുവിട്ടത്.
കടുത്ത ന്യുമോണിയയും വിളർച്ചയും അനീമിയയും ബാധിച്ച് ചികിത്സക്കായി എത്തിച്ച കുഞ്ഞിനെ വേണ്ട രീതിയിൽ പരിശോധിക്കാതെ പറഞ്ഞു വിട്ടതിൽ ഡോക്‌ടർക്ക് വീഴ്‌ച ഉണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചികിത്സ തേടിയ കുഞ്ഞ് മണിക്കൂറുകള്‍ക്കകം മരണപ്പെടുകയായിരുന്നു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കാരാട്ടുകുന്ന് ആദിവാസി കോളനിയിലെ ബിനീഷ്-ലീല ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ആരോഗ്യവകുപ്പിലെയും ഐസിഡിഎസ് ജീവനക്കാരുടെയും അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. മാർച്ച് 22ന് പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്.
പ്രസവ ശേഷം കുട്ടിയെ സന്ദർശിച്ച് പരിചരിക്കേണ്ട കാരക്കാമല സബ് സെന്‍റർ ജീവനക്കാർക്കും ഐസിഡിഎസ് അംഗങ്ങൾക്കും ഗുരുതര വീഴ്‌ച സംഭവിച്ചു എന്നായിരുന്നു ആരോപണം. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കുഞ്ഞിനെ മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. എന്നാൽ, കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലെന്നും പിന്നീട് ശിശുരോഗ വിദഗ്‌ധനെ കാണിച്ചാൽ മതിയെന്നും പരിശോധിച്ച ഡോക്‌ടർ പറഞ്ഞു എന്നും കുഞ്ഞിന്‍റെ രക്ഷിതാക്കൾ പറഞ്ഞു.
ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആയിരുന്നു. പടിഞ്ഞാറത്തറയിലെ കാപ്പുകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ പരിധിയിൽ 2022 ഒക്‌ടോബർ 17നാണ് കുഞ്ഞ് ജനിച്ചത്. അച്ഛൻ ബിനീഷിന്‍റെ താമസസ്ഥലമാണ് പടിഞ്ഞാറത്തറ. ഒരു മാസത്തിന് ശേഷം കുട്ടിയെ അമ്മ ലീലയുടെ താമസസ്ഥലമായ കാരാട്ട് കോളനിയിലേക്ക് കൊണ്ടുവന്നു.
എന്നാൽ, അവിടെ സബ് സെന്‍റർ ജീവനക്കാരായ ജെഎച്ച്ഐ, ജെപിഎച്ച്എൻ, എംഎൽഎസ്‌പി, ആർബിഎസ്‌കെ നഴ്‌സ് തുടങ്ങിയവരും ഐസിഡിഎസ്, ട്രൈബൽ വകുപ്പ് അധികൃതരും വേണ്ട രീതിയിൽ കുഞ്ഞിനെ പരിചരിച്ചില്ല എന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ, പണിയ വിഭാഗത്തിൽപ്പെട്ട ഈ കുടുംബം പലപ്പോഴും സ്ഥലത്ത് ഉണ്ടാകാറില്ലെന്ന രീതിയിൽ പ്രതിവാദവും ഉയർന്നിരുന്നു. കുഞ്ഞിന്‍റെ കുത്തിവയ്‌പ്പിനെത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാർ തന്നെയാണ് കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി നേരിൽ കണ്ട് ബോധ്യപ്പെട്ട് കുട്ടിയെ എത്രയും പെട്ടെന്ന് മെഡിക്കൽ കോളജിൽ എത്തിക്കാൻ ആവശ്യപ്പെട്ടത്. ട്രൈബൽ വകുപ്പിന്‍റെ ആംബുലൻസിലാണ് കുഞ്ഞിനെ മെഡിക്കൽ കോളജിൽ എത്തിച്ചത്.
ഡ്യൂട്ടി ഡോക്‌ടർ പരിശോധിച്ച ശേഷം കുഞ്ഞിന് കാര്യമായ പ്രശ്‌നങ്ങൾ ഇല്ലെന്ന് പറയുകയും ശിശുരോഗ വിദഗ്‌ധനെ സന്ദർശിക്കാൻ ആവശ്യപ്പെടുകയും ചെയ്‌ത ശേഷം പാരസെറ്റമോളും കലാമിൻ ലോഷനും നൽകി വിടുകയായിരുന്നു എന്ന് കുടുംബം പറഞ്ഞു. വീട്ടിൽ മടങ്ങി എത്തി രാവിലെ പാൽ നൽകുന്നതിനിടെയാണ് കുഞ്ഞ് മരിച്ചത്. കടുത്ത അനീമിയയും വിളർച്ചയും ന്യുമോണിയയും മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
Also read: ആറ് മാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മരിച്ചു; ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥയെന്ന് പരാതി