വയനാട്: രാജ്യം 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ ബ്രിട്ടീഷ് മേൽക്കോയ്‌മയിൽ നിന്ന് ജന്മനാടിന് വിമോചനം നേടിത്തന്ന സമരസേനാനികളെ വിസ്‌മരിക്കാനാവില്ല. അത്തരത്തിൽ മലയാളമണ്ണിൽ വിപ്ലവം തീർത്ത ധീരയോദ്ധാവ് കേരളവർമ പഴശ്ശിരാജയുടെ പേര് ഇന്നും സ്വാതന്ത്ര്യചരിത്രത്തിൽ എടുത്തുപറയേണ്ടതുണ്ട്.
വീരപഴശ്ശിയുടെ ഓർമയിൽ സ്വാതന്ത്ര്യദിനം
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടത്തിൽ എന്നും ജ്വലിക്കുന്ന അധ്യായമാണ് വയനാട്ടിൽ പഴശ്ശി രാജാവിന്‍റെ നേതൃത്വത്തിൽ നടന്ന കലാപങ്ങൾ. വീര പഴശ്ശിയുടെ സമര പോരാട്ടങ്ങൾക്ക് അടയാളമായി അദ്ദേഹത്തിന്‍റെ രണ്ട് സ്‌മാരകങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. പഴശ്ശിരാജ വീരമൃത്യു വരിച്ച പുൽപ്പള്ളി മാവിലാംതോടിന്‍റെ കരയിലുള്ള പഴശ്ശി സ്‌മാരക സ്‌തൂപവും മാനന്തവാടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പഴശ്ശി ശവ കുടീരവും അദ്ദേഹത്തിന്‍റെ സമാനതകളില്ലാത്ത പോരാട്ട കഥകളെ ഓർമിപ്പിക്കുന്നു.
നായർ പടയുടെയും കുറിച്യ പടയുടെയും സഹായത്തോടെ പഴശ്ശിരാജ നടത്തിയ ഗറില്ലാ പോരാട്ടങ്ങൾ അതിശക്തമായിരുന്നു. കണ്ണവം, വയനാടൻ കാടുകൾ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ഈ ചെറുത്തു നിൽപ്പുകൾക്ക് സാക്ഷ്യംവഹിച്ചു. ബ്രിട്ടീഷ് സേനയുടെ തോക്കുകൾക്കും വെടിക്കോപ്പുകൾക്കും മുൻപിൽ നാട്ടു സൈന്യത്തിന്‍റെ മനോബലം കെടാതെ സൂക്ഷിച്ചതും വീര പഴശ്ശി ആയിരുന്നു.
1805ൽ കേരള-കർണാടക അതിർത്തിയോട് ചേർന്ന് മാവിലാംതോടിന്‍റെ കരയിലാണ് പഴശ്ശിരാജ മരിച്ചു വീണത്. ബ്രിട്ടീഷ് സൈന്യത്തിന് പിടികൊടുക്കാതെ വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നും ബ്രിട്ടീഷുകാർ വെടിവെച്ച് കൊന്നതാണെന്നുമെല്ലാം കാലം പറഞ്ഞ കഥകൾ. തികഞ്ഞ ആദരവോടെ ബ്രിട്ടീഷുകാർ മാവിലാംതോടിന്‍റെ കരയിൽനിന്ന് മാനന്തവാടിയിലെ കുന്നിൻ മുകളിലേക്ക് വീരപഴശ്ശിയുടെ മൃതദേഹം എത്തിച്ചതും ചരിത്രം.
സമര ചരിത്രം ഏകോപിപ്പിക്കണം
എന്നാൽ പഴശ്ശിയുടെ സേനാനായകർ ആയിരുന്ന തലക്കൽ ചന്തുവിനും എടച്ചേന കുങ്കനും മതിയായ സ്‌മാരകങ്ങൾ ഇപ്പോഴുമില്ല. വിവിധ ആർക്കൈവ്‌സുകളിലായി ചിതറിക്കിടക്കുന്ന വീര പഴശ്ശിയുടെ സമര ചരിത്രം ഏകോപിപ്പിക്കണമെന്നും പഴശ്ശി വിപ്ലവത്തിന്‍റെ പുരാരേഖകൾ വീണ്ടെടുക്കണം എന്നുമാണ് ചരിത്രകാരന്മാർ ആവശ്യപ്പെടുന്നത്.