വയനാട്: ജില്ലയില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ മൃഗങ്ങള്‍ക്ക് സൂര്യാഘാതമേല്‍ക്കാനും ചെളളുപനിപോലുളള പരാദ രോഗങ്ങള്‍ പിടിപെടാനുമുള്ള സാധ്യത മുന്‍നിര്‍ത്തി ചീഫ് വെറ്ററിനറി ഓഫീസര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ബാഹ്യപരാദങ്ങളുടെ ആക്രമണം മൂലം രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍ പിടിപ്പെടാന്‍ സാധ്യത കൂടുതലാണെന്നും അധികൃതര്‍ അറിയിച്ചു.
പശുക്കളില്‍ പാലിന്‍റെ അളവ് കുറയുക, വായിലെ ഉമിനീര്‍ പത പോലെ ഉറ്റി വീഴുക, അമിതമായ കിതപ്പ്, കണ്ണില്‍ പീള കെട്ടല്‍, മൂത്രത്തിന്‍റെ അളവ് കുറഞ്ഞ് മഞ്ഞനിറം ഉണ്ടാവുക, ഗര്‍ഭിണിയായ പശുക്കളില്‍ ഗര്‍ഭം അലസിപ്പോവുക തുടങ്ങിയവയാണ് ഉയര്‍ന്ന താപനിലയിലും പരാദരോഗങ്ങള്‍ ഉണ്ടായാലും മൃഗങ്ങള്‍ കാണിക്കുന്ന പ്രധാന ലക്ഷണങ്ങള്‍.