വയനാട്: ലോക് ഡൗണിനെ തുടർന്ന് ജില്ലയിലെ ചെക്പോസ്റ്റു വഴി കർണാടകത്തിലേക്ക് പോകുന്ന ചരക്കു വാഹനങ്ങളുടെ എണ്ണം കുറച്ചു. ദിവസേന 60 ചരക്ക് വാഹനങ്ങൾ മാത്രമേ കർണാടകത്തിലേക്ക് കടത്തി വിടുകയുള്ളു. നിലവിൽ മുത്തങ്ങ ചെക്പോസ്റ്റ് വഴി മാത്രമാണ് ചരക്കുവാഹനങ്ങൾക്ക് കർണാടകത്തിലേക്ക് പ്രവേശനമുള്ളു. കഴിഞ്ഞ ദിവസം ചരക്കുവാഹനങ്ങൾ ചെക്പോസ്റ്റുകളിൽ തടഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതിനുശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.
പാസ് മുഖേനയാണ് വാഹനങ്ങൾക്ക് പ്രവേശനാനുമതി നൽകുന്നത്. ഒരു പാസ് ഒരു ട്രിപ്പിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. വാഹനങ്ങളുമായി കർണാടകത്തിൽ രാത്രി തങ്ങാൻ പാടില്ലെന്ന് നിർദ്ദേശമുണ്ട്. ദിവസേന 500ഓളം ചരക്കു വാഹനങ്ങളാണ് ഈ വഴി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുമായി പോയിരുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടായേക്കുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം.