വയനാട്: ഓൺലൈൻ സൗകര്യമില്ലാതെ ബുദ്ധിമുട്ടിലായ വിദ്യാർഥികൾക്ക് സൗജന്യമായി സ്‌മാർട്ട് ഫോണുകൾ വിതരണം ചെയ്ത് വ്യവസായികൾ. തെരഞ്ഞെടുക്കപ്പെട്ട ഏകാധ്യാപക വിദ്യാലയങ്ങളിലും ഇവർ ആൻഡ്രോയിഡ് മൊബൈൽ ഫോണുകൾ സംഭാവന ചെയ്‌തു. കൊവിഡിനെ തുടർന്ന് സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും സ്‌മാർട്ട് ഫോണുകൾ ഇല്ലാതെ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിൽ ആയിരുന്നു. ആദിവാസികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പഠന നിലവാരത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് വയനാട് സ്വദേശികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഫോൺ കമ്പനി സൗജന്യമായി വിദ്യാർഥികൾക്ക് സ്‌മാർട്ട് ഫോണുകൾ നൽകാൻ തീരുമാനിച്ചത്.
ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളുടെ എണ്ണം സ്കൂളുകളിൽ നിന്നും ശേഖരിച്ചാണ് ഫോണുകൾ നൽകുന്നത്. സന്നദ്ധ സംഘടനകൾ മുഖാന്തരവും വിതരണം നടത്തുന്നുണ്ട്. സംസ്ഥാനത്ത് രണ്ടു കോടിയിലധികം രൂപയുടെ ആൻഡ്രോയിഡ് മൊബൈൽ ഫോണുകളാണ് കമ്പനിയുടെ നേത്യത്വത്തിൽ സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.