വയനാട്: വയനാട്ടിലെ പുൽപ്പള്ളിക്കടുത്ത് ചീയമ്പം വനത്തിൽ തീപിടിത്തം. ചെതലയം സെക്ഷന് കീഴിലുള്ള ചീയമ്പം 73 വനത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടർന്ന് പിടിച്ചത്. ആറ് ഇടങ്ങളിലായി തീപടർന്ന് 150 ഏക്കറോളം വനഭൂമി കത്തിനശിച്ചു. ആസൂത്രിതമായി തീ ഇടുകയായിരുന്നുവെന്ന് സംശയമുയർന്നിട്ടുണ്ട്.
സുൽത്താൻ ബത്തേരി അഗ്നിരക്ഷ സേന, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്‍റ് എന്നിവരുടെ നേതൃത്വത്തിൽ തീ പൂർണമായി അണച്ചു. തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ കൈക്കൊള്ളുവാൻ അഗ്നിശമന സേന വനം വകുപ്പ് അധികൃതർക്ക് നിർദേശം നൽകി.