വയനാട്: മണ്ണില്‍ പൊന്നുവിളയിച്ച് ഏവർക്കും മാതൃകയാവുകയാണ് വയനാട്ടിലെ പുൽപ്പള്ളിയിൽ തൊണ്ണൂറ് കഴിഞ്ഞ വൃദ്ധദമ്പതികൾ. പുല്‍പ്പള്ളി സുരഭിക്കവലയിലെ മാത്യു-മേരി ദമ്പതികളാണ് വാർദ്ധക്യത്തിലും കൃഷിയിടത്തിലിറങ്ങി പണിയെടുത്ത് മാതൃക കാണിക്കുന്നത്.
പുൽപ്പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യുവിന് വയസ് 90 കഴിഞ്ഞു. ഭാര്യ മേരിക്കാവട്ടെ 88 ആയി. എന്നാൽ ഒരുനിമിഷം പോലും വെറുതെയിരിക്കാന്‍ ഇരുവരും തയ്യാറല്ല. 1969-ലാണ് കോട്ടയത്തെ കടുത്തുരുത്തിയില്‍ നിന്നും മാത്യു പുല്‍പ്പള്ളിയിലേക്ക് കുടിയേറിയത്. കൃഷി ചെയ്താണ് ഇതു വരെ ജീവിച്ചത്. കപ്പ, ചേന, കാച്ചില്‍, ചേമ്പ് വിവിധതരം പച്ചക്കറികള്‍ തുടങ്ങി ഇവരുടെ കൃഷിയിടത്തിൽ ഇല്ലാത്തവ കുറവാണ്. നാല് പെൺമക്കളും രണ്ട് ആൺ മക്കളും ഉണ്ട്. അവിവാഹിതനായ ഒരു മകൻ ഇവർക്കൊപ്പം താമസിക്കുന്നുണ്ട്. മുന്‍പ് ഇവര്‍ പശുവിനെയും വളര്‍ത്തിയിരുന്നു. കൊവിഡ് കാലത്ത് നിലനില്‍ക്കുന്ന നിയന്ത്രണങ്ങള്‍ മൂലം ഇപ്പോള്‍ ഇരുവരും പുറത്തേക്ക് തീരെ ഇറങ്ങാറില്ല.