വയനാട്: കടുവ ആക്രമണത്തെ തുടര്‍ന്ന് കര്‍ഷകന്‍ മരിച്ചത് ചികിത്സ പിഴവ് മൂലമാണെന്ന ആരോപണത്തിലുറച്ച് കുടുംബം. 'അദ്ദേഹം മരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കാരണം, കാലിന് ഒരു മുറിവേയുള്ളൂ. അതുകൊണ്ട് തന്നെ അത് ഓപ്പറേഷൻ ചെയ്‌ത് നേരെയാക്കാനാവും എന്നാണ് വിചാരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
കര്‍ഷകന് ചികിത്സ നൽകുന്നതിൽ വയനാട് മെഡിക്കൽ കോളജിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പിന്‍റെ സ്ഥിരീകരണത്തിന് പിന്നാലെയാണ് കുടുംബത്തിന്‍റെ വെളിപ്പെടുത്തല്‍. വനംവകുപ്പ് മന്ത്രിഎ.കെ ശശീന്ദ്രൻ കര്‍ഷകന്‍റെ വീട് സന്ദർശിച്ചപ്പോഴും ഇക്കാര്യം വീട്ടുകാർ ആവർത്തിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകനെ ആശുപത്രിയിൽ എത്തിക്കാൻ താമസിച്ചെന്നും വനംവകുപ്പിന്‍റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 12നാണ് കര്‍ഷകനായ വാളാട് പുതുശേരി സ്വദേശി സാലു എന്ന തോമസ് (50) കടുവയുടെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ കാലിന് പരിക്കേറ്റ തോമസിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതിന് ശേഷം മികച്ച ചികിത്സ നല്‍കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെ സ്ഥിതി ഗുരുതരമായി. ഇതോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെ തോമസ് മരിക്കുകയുമായിരുന്നു.
കുടുംബം ആരോപണവുമായി രംഗത്തെത്തിയതോടെ ആരോഗ്യ മന്ത്രി ആശുപത്രി അധികൃതരുടെ വിശദീകരണം തേടി. എന്നാല്‍ തോമസിന്‍റെ കാര്യത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നും ആറ് ഡോക്‌ടര്‍മാര്‍ പരിശോധിച്ചിട്ടുണ്ടെന്നും പരിശോധനയ്‌ക്ക് ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മുറിവില്‍ നിന്നുണ്ടായ രക്‌തസ്രാവമാണ് മരണകാരണമായതെന്നും അധികൃതര്‍ വ്യക്തമാക്കി.