കല്‍പ്പറ്റ: വയനാട്ടിൽ കൊവിഡ് പ്രതിരോധത്തിനിടെ എലിപ്പനി പടരുന്നത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. വർഷകാലത്താണ് എലിപ്പനി കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. വയനാട്ടിൽ കഴിഞ്ഞ വർഷം 83 പേർക്കാണ് എലിപ്പനി സ്ഥിരീകരിക്കുകയും 211 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തുകയും ചെയ്‌തു.
ഈ വര്‍ഷം ഇതുവരെ 98 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 183 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. ജില്ലയില്‍ ഏഴ് എലിപ്പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയിരുന്നു.
എലിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഇക്കൊല്ലം കൂടിയിട്ടുണ്ടെന്നാണ് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്. കൊവിഡ് 19 ഭീതിയില്‍ പലരും ആശുപത്രിയിൽ പോകാതെ സ്വയം ചികിത്സക്കായി ശ്രമിക്കുന്നതാണ് സ്ഥിതി വഷളാകാൻ കാരണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും മഴ തുടങ്ങുന്നതിന് മുൻപേ എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ജില്ലയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ കൊവിഡ് പ്രതിരോധത്തിനിടെ എലിപ്പനി പ്രതിരോധം താളം തെറ്റി. ഇത് മറികടക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം.