വയനാട്: ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന നാഗ്‌പൂർ സ്വദേശി ഡോ. ധനഞ്ജയ് ദിവാകര്‍ സാംഗ്‌ജിയോക്ക്(64) പത്മശ്രീ. ആദിവാസി വിഭാഗങ്ങളില്‍ കണ്ടുവരുന്ന അരിവാള്‍ രോഗത്തെക്കുറിച്ച് ഡോ. ധനഞ്ജയ് നടത്തിയ കണ്ടെത്തലുകള്‍ ദേശീയതലത്തില്‍ ശ്രദ്ധനേടിയിരുന്നു. രക്തത്തിലെ ചുവപ്പ് രക്താണുക്കള്‍ അരിവാള്‍ പോലെ വളഞ്ഞ് ഇലാസ്‌തികത നഷ്‌ടപ്പെടുന്ന അവസ്ഥയാണ് അരിവാൾ രോഗം അഥവാ സിക്കിൾ സെൽ അനീമിയ.
അരിവാൾ രോഗ ബാധിതരെക്കുറിച്ച് പഠനം നടത്തുന്നതിനായി 1980ൽ ആണ് ഡോ. ധനഞ്ജയ് വയനാട്ടിലെത്തിയത്. അദ്ദേഹം നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് വയനാട്ടിലെ അരിവാള്‍ രോഗികള്‍ക്കായി നാലുവര്‍ഷത്തെ പ്രോജക്‌ട് അനുവദിച്ചിരുന്നു. ആരോഗ്യ സേവനത്തിനൊപ്പം തന്നെ ആദിവാസി വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനു വേണ്ടിയുള്ള പദ്ധതികളും അദേഹത്തിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിവരുകയാണ്.
ജനറല്‍ മെഡിസിനില്‍ സ്‌പെഷ്യലൈസ് ചെയ്‌ത ഡോക്‌ടര്‍ കുടുംബസമേതം വര്‍ഷങ്ങളായി വയനാട്ടിലാണ് താമസം. ഭാര്യ സുജാത വീട്ടമ്മയാണ്. നാഗ്‌പൂരില്‍ എന്‍ജിനീയറായ അതിഥി, ഡോ. ഗായത്രി എന്നിവരാണ് മക്കള്‍. പുരസ്‌ക്കാര വിവരമറിഞ്ഞ് വയനാട് ജില്ലാ കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള വസതിയിലെത്തി ഡോ.ധനഞ്ജയെ അനുമോദിച്ചു.