ചൂരല്‍മല: വയനാട് ചൂരല്‍മല പുഴയില്‍ അകപ്പെട്ട് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ഡോണ്‍ ഗ്രേഷ്യസ് ( 16) ഒടുവില്‍ മരണത്തിന് കീഴടങ്ങി. മെയ് 31 ന് നടന്ന അപകടത്തിന് ശേഷം മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഡോണ്‍ ഗ്രേഷ്യസ്. ഇന്ന് പുലര്‍ച്ചയോടെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്ന് അവയവ ദാനത്തിന്‍റെ ഭാഗമായി ഡോണിന്‍റെ കണ്ണുകള്‍, കരള്‍, വൃക്കകള്‍ എന്നിവ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും, ആസ്റ്റര്‍ മിംസിലേക്കും മാറ്റി. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് ഡോണ്‍ മുന്‍പ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളായ ജോസിന്‍റെയും, സോഫിയുടെയും നിര്‍ദേശ പ്രകാരം അവയവദാനം നടത്തിയത്.
അവയവ ദാനവുമായി ബന്ധപ്പെട്ട് മുന്‍പ് ഒരു പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഡോണ്‍ അവയവദാനത്തിനായി സന്നദ്ധത അറിയിച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ മൃതസഞ്ജീവനിയുടേയും, മിംസ് ടീമിന്‍റെയും സഹകരണത്തോടെ പുലര്‍ച്ചെ 2.30 നാണ് ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ഡോണ്‍ ഗ്രേഷ്യസിനോടുള്ള ആദര സൂചകമായി രാവിലെ വിംസ് ആശുപത്രി മോര്‍ച്ചറി പരിസരത്ത് പൊതുദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്.
'മൃതസഞ്ജീവനി'യെ കുറിച്ചറിയാം: കേരള സര്‍ക്കാറിന്‍റെ അവയവ ദാന പദ്ധതിയാണ് 'മൃതസഞ്ജീവനി'. പുതുജീവനേകാന്‍ തുണയാകുന്ന ഈ സര്‍ക്കാര്‍ സംരംഭം വഴിയാണ് സംസ്ഥാനത്ത് മരണാനന്തര അവയവദാനം സാധ്യമാക്കുന്നത്. മൃതസഞ്ജീവനി വഴി തന്നെയാണ് അവയവമാറ്റ ശസ്ത്രക്രിയക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതും.
ഒരാളുടെ ശരീരത്തില്‍ എട്ടുപേരുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായകമാകുന്ന പ്രധാന അവയവങ്ങളുണ്ട്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന 30ല്‍ ഏറെ ശരീര ഭാഗങ്ങളുമുണ്ട്. വളരെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളാണ് ഇതിന് പിന്നിലുള്ളത്. എന്നാല്‍ കൃത്യമായ ഏകോപനത്തിലൂടെ ഇവയെ അനായാസമാക്കാന്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്.
അവയവ കച്ചവടമടക്കമുള്ള വലിയ ചൂഷണങ്ങള്‍ തടയുന്നതിനാണ് പൂർണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രം കൈമാറ്റം നടത്തുന്നത്. പ്രധാനമായും രണ്ട് രീതിയിലാണ് നിലവില്‍ അവയവദാനം നടക്കുന്നത്. ഒന്നാമത്തേത് ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോൾ തന്നെ നടത്തുന്ന അവയവദാനമാണ്. വൃക്ക, കരള്‍ പോലുള്ള അവയവങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ സാധിക്കും.
മറ്റൊന്ന് മരണശേഷമുളള അവയവ ദാനമാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അവയവദാനത്തിനുള്ള സമ്മതം നല്‍കാം. www.notto.gov.in, www.knos.org.in എന്നീ വെബ്‌സൈറ്റുകളില്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എന്നിരുന്നാലും മരണാനന്തരം അടുത്ത ബന്ധുക്കളുടെ സമ്മതത്തോട് കൂടി മാത്രമേ അവയവം കൈമാറ്റം ചെയ്യുകയുള്ളൂ.
ബന്ധുക്കളുടെ അനുമതിയോടെ, മസ്‌തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്ന് അവയവ കൈമാറ്റം നടത്താറുണ്ട്. ഒരു വ്യക്തിക്ക് മസ്‌തിഷ്‌ക മരണം സംഭവിക്കുകയും ബന്ധുക്കള്‍ അവയവ ദാനത്തിന് സമ്മതം അറിയിക്കുകയും ചെയ്‌താല്‍ അതിവേഗ നടപടികളാണ് സ്വീകരിക്കുക. ചികിത്സിക്കുന്ന ഡോക്‌ടർ ആ വിവരം കേരള നെറ്റ്‌വർക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങിന് കൈമാറും.
മുന്‍ഗണനാ ക്രമത്തിലാണ് അവയവം സ്വീകരിക്കുന്നതിന് മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്‌ത രോഗികളെ തിരഞ്ഞെടുക്കുക. വിവിധ വകുപ്പുകളുടെ ഏകോപനമാണ് സംസ്ഥാനത്തെ അവയവദാന പ്രവർത്തനങ്ങള്‍ക്കായി നടക്കുന്നത്.
READ MORE: പുതുജീവനേകാന്‍ അവയവദാനം ; തട്ടിപ്പുതടയാന്‍ മൃതസഞ്ജീവനി