വയനാട്: ജില്ലയിലെ കൊവിഡ് അവലോകന യോഗത്തില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ ഒഴിവാക്കിയതില്‍ വിവാദം. വയനാട് എംപി രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന അവലോകന യോഗം കലക്ടറേറ്റില്‍ തുടങ്ങി. എന്നാല്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി.നസീമയെ ഒഴിവാക്കിയതെന്നാണ് കലക്‌ടറുടെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് നിര്‍ദേശം വന്നതെന്ന് കലക്ടര്‍ തന്നോട് പറഞ്ഞതായി നസീമ പറഞ്ഞു.
ഡിഡിഎംഎ ഉപാധ്യക്ഷയായതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനും ക്ഷണമുണ്ടായിരുന്നുവെന്നും കല്‍പ്പറ്റ എംഎല്‍എ സി.കെ.ശശീന്ദ്രന്‍റെ ഇടപെടല്‍ കാരണമാണ് തന്നെ യോഗത്തില്‍ നിന്നും ഒഴിവാക്കിയതെന്നും നസീമ ആരോപിച്ചു. രണ്ട് ദിവസം മുന്‍പ് രാഹുല്‍ ഗാന്ധിയുടെ ഓണ്‍ലൈന്‍ ഉദ്‌ഘാടന പരിപാടി റദ്ദാക്കിയതിലും സമാന ഇടപെടലുണ്ടായെന്നും നസീമ ആരോപിച്ചു. അതേസമയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.കെ ശശീന്ദ്രൻ എംഎല്‍എ പറഞ്ഞു.
കലക്ടറേറ്റില്‍ നടക്കുന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. ബുധനാഴ്‌ച ഉച്ചക്ക് ജില്ലാ ആശുപത്രിയിൽ സന്ദർശനം നടത്തിയതിന് ശേഷം കണ്ണൂർ വിമാനത്താവളത്തില്‍ നിന്നും രാഹുല്‍ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങും. തിങ്കളാഴ്‌ച മലപ്പുറത്ത് നടന്ന കൊവിഡ് അവലോകന യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ കൂടാതെ മറ്റ് ജനപ്രതിനിധികളും പങ്കെടുത്തിരുന്നു.