വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ റെയിൻ ഫോറസ്റ്റ് റിസോർട്ട് പൂട്ടാൻ ജില്ലാ കലക്‌ടർ ഉത്തരവിട്ടു. സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് റിസോർട്ട് പൂട്ടാൻ കലക്‌ടർ ഉത്തരവിട്ടത്. റിസോർട്ടിന്‍റെ ഭാഗത്ത് നിന്ന് സുരക്ഷാവീഴ്ച ഉണ്ടായെന്ന് ബോധ്യപ്പെട്ടുവെന്ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
ശനിയാഴ്ച രാത്രി ഭക്ഷണ ശേഷം റിസോർട്ടിലെ ടെന്‍റിനു പുറത്ത് നിൽക്കുമ്പോഴാണ് കണ്ണൂർ സ്വദേശിനി ഷഹാനയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടു. റിസോർട്ടിന്‍റെ മൂന്നുവശവും കാടാണ്. ഇടയ്ക്കിടെ ഈ മേഖലയിൽ കാട്ടാനകൾ എത്താറുമുണ്ട്. ദുർഘടമായ പാതയാണ് റിസോർട്ടിലേക്കുള്ളത്. ജീപ്പിൽ മാത്രമേ ഇവിടെ എത്തിച്ചേരാനാകൂ. പ്രധാന കെട്ടിടത്തോട് ചേർന്ന് മൂന്ന് ടെന്‍റുകളാണ് റിസോർട്ടിലുള്ളത്. ചെമ്പ്ര മലയുടെ താഴ്വരയിലെ എളമ്പിലേരി, തൊള്ളായിരംകണ്ടി മേഖലയിൽ ഒട്ടേറെ റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. പലയിടത്തും വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെയാണ് ഇവ പ്രവർത്തിക്കുന്നതും. അതേ സമയം, റിസോർട്ടിന്‍റെ അനുമതി സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും കലക്‌ടർ അറിയിച്ചു.