വയനാട്: ഷഹ്‌ലയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരായവരുടെ അറസ്റ്റ് അധികം വൈകാതെ ഉണ്ടാകുമെന്ന് സൂചന. അതേസമയം കേസിൽ പ്രതി ചേർത്ത സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ മെറിൻ ജോയ് അടുത്ത ദിവസം മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. ഗവ.സർവ്വജന സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ എ.കെ കരുണാകരൻ, വൈസ് പ്രിൻസിപ്പാൾ കെ.കെ മോഹനൻ, അധ്യാപകനായ സി.വി ഷിജിൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞദിവസം വയനാട് എഎസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇന്ന് വൈകുന്നേരം സുൽത്താൻബത്തേരി നഗരസഭയിൽ സർവ്വ ജന സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിട്ടുണ്ട്. നഗരസഭയുടെ കീഴിലാണ് സർവജന സ്കൂൾ സർവ്വകക്ഷി യോഗം നഗരസഭ വിളിച്ചത്.