വയനാട്: സുൽത്താൻ ബത്തേരിയിൽ വിദ്യാർഥി ഷഹ്ലാ ഷെറിൻ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് നടത്തിയ വിവാദ പരാമർശം പിൻവലിക്കണമെന്ന് എസ് എഫ് ഐ. മുസ്ലീം ലീഗ് അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിലാണ് ലീഗ് സംസ്ഥാന നേതാവ് ഷഹ്ലാ ഷെറിന്‍റെ മരണത്തെയും തുടർന്ന് സർക്കാർ എടുത്ത മാതൃകാപരമായ തുടർ നടപടികളെയും പരിഹസിച്ച് പരാമർശം ഉന്നയിച്ചത്.
യു ഡി എഫ് ഭരണ കാലത്ത് അടച്ചു പൂട്ടാൻ തീരുമാനിച്ചതുൾപ്പെടെയുള്ള സർക്കാർ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയ ഇടതുപക്ഷ സർക്കാർ തീരുമാനത്തെ വിമർശിക്കുന്നതായിരുന്നു മജീദിന്‍റെ പ്രസ്താവനയെന്നും ഷഹ്ല ഷെറിന്‍റെ ദാരുണമായ മരണത്തേപ്പോലും വില കുറച്ച് കണ്ട് മുസ്ലീം ലീഗ് രാഷ്ട്രീയ മുതലെടുപ്പിനായി നിലപാട് സ്വീകരിക്കുന്നതെന്നും എസ്എഫ്ഐ ആരോപിച്ചു.
ഇത് തികച്ചും അപഹാസ്യവും പ്രതിഷേധാർഹവുമാണെന്നും കെ പി എ മജീദും ലീഗ് നേതൃത്വവും വിവാദ പാരാമർശം പിൻവലിച്ച് കേരള പൊതു സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണമെന്നും എസ് എഫ് ഐ വയനാട് ജില്ല കമ്മറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. "ഏതോ ഒരു കുട്ടിക്ക് പാമ്പുകടിയേറ്റപ്പോൾ മുഴുവൻ സ്കൂളുകളിലും മാളം തപ്പുന്നു " എന്നായിരുന്നു കെ പി എ മജീദിന്‍റെ പ്രസ്താവന.