വയനാട്: വൈത്തിരിയിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ നടത്തിയ മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടിൽ പൊലീസിന് ക്ലീൻ ചിറ്റ്. പൊലീസ് ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വയനാട് കലക്‌ടറായിരുന്ന എആർ അജയകുമാറാണ് അന്വേഷണം നടത്തിയത്. ജലീലാണ് ആദ്യം വെടിവെച്ചത് എന്നാണ് റിപ്പോർട്ടിലുള്ളത്. സ്ഥലത്തെത്തിയ പൊലീസ് ആത്മരക്ഷാർത്ഥം തിരിച്ചു വെടിവെക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. 250 പേജുള്ള റിപ്പോർട്ട് വയനാട് ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. ബാലിസ്റ്റിക് റിപ്പോർട്ടും, ഫൊറൻസിക് റിപ്പോർട്ടും മജിസ്ട്രേറ്റ് പരിശോധിച്ചിട്ടില്ല. പൊലീസ് ഹാജരാക്കിയ സിപി ജലീലിന്‍റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്നാണ് ഫൊറൻസിക് റിപ്പോർട്ടിലുണ്ടായിരുന്നത്. അതേ സമയം പൊലീസിന്‍റെ സർവീസ് പിസ്റ്റലുകളിൽ 9 എണ്ണത്തിൽ നിന്നും വെടിയുതിർത്തിരുന്ന് എന്ന് ഫൊറൻസിക് റിപ്പോർട്ടിലുണ്ട്.
2019 മാർച്ചിലാണ് വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിലുണ്ടായ ഏറ്റുമുട്ടലിൽ സിപി ജലീൽ കൊല്ലപ്പെട്ടത്. സിപി ജലീലും സംഘവും റിസോർട്ടിൽ പണം ചോദിച്ച് വരികയായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് റിസോർട്ട് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു എന്നുമാണ് ഔദ്യോഗിക വിശദീകരണം. സ്ഥലത്തെത്തിയ പൊലീസിന് നേരെ മാവോയിസ്റ്റുകൾ വെടിവെച്ചതിനെ തുടർന്ന് തിരിച്ചു വെടിവെക്കുകയായിരുന്നെന്നും മജിസ്റ്റീരിയൽ റിപ്പോർട്ടിൽ പറയുന്നു.