വയനാട്: കൊവിഡ്19 നെ മികച്ച രീതിയിൽ പ്രതിരോധിച്ച രാജ്യത്തെ 25 ജില്ലകളിൽ ഒന്നായി വയനാടും. തുടർച്ചയായ പതിനാലാം ദിവസവും ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്തതിനാണ് ദേശീയ തലത്തിൽ വയനാട് ശ്രദ്ധ നേടിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത്തരം ജില്ലകളുടെ പട്ടിക പുറത്തുവിട്ടത്.
3 പേർക്കാണ് വയനാട്ടിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേരുടെ അസുഖം മാറി. സമീപ ജില്ലകളിൽ കൊവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ അതിർത്തികൾ അടച്ച് വയനാട്ടിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു.
പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയില്‍ 25 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9912 ആയി. ജില്ലയില്‍ 439 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി രണ്ടു പേരെ കൂടി വയനാട്ടിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം ആറായി.