വയനാട്: ഷഹലയുടെ മരണത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കൊടുവിൽ സുൽത്താൻ ബത്തേരി സർവജന സ്‌കൂളിൽ അധ്യയനം ഇന്ന് പുനരാരംഭിച്ചു. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി ക്ലാസുകളാണ് തുടങ്ങിയത്. യുപി വിഭാഗത്തിന് ഡിസംബർ രണ്ടിന് ക്ലാസ് തുടങ്ങും. കഴിഞ്ഞ ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്കൂളിൽ ക്ലാസുകൾ വീണ്ടും തുടങ്ങിയത്.
ജില്ലാ കലക്‌ടർ അദീല അബ്ദുള്ളയുടെ സാന്നിധ്യത്തിലായിരുന്നു സ്കൂൾ അസംബ്ലി നടന്നത്. സ്‌കൂളിന് നൂറ് ശതമാനം വിജയം ആവർത്തിക്കാൻ വിദ്യാർഥികളും അധ്യാപകരും ശ്രമിക്കണമെന്ന് ജില്ലാ കലക്‌ടർ പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടർന്ന് കഴിഞ്ഞ 21 മുതലാണ് സ്കൂളിൽ അധ്യയനം മുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളിൽ അഡീഷണൽ ഡിപിഐ യുടെയും, എഎസ്‌പിയുടെയും നേതൃത്വത്തിലുള്ള മൊഴിയെടുക്കൽ ഇന്നും നടക്കുന്നുണ്ട്.