വയനാട്: രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതിന് വയനാട്ടിലെ ഡി.സി.സി നേതൃത്വം മറുപടി പറയണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.കെ ശശീന്ദ്രൻ. എസ്.എഫ്.ഐക്കെതിരെ ഗുരുതരമായ ആക്ഷേപങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതൃത്വം ഇതിന് മറുപടി പറയണം. മഹാത്മാഗാന്ധി രാഷ്ട്ര പിതാവാണെന്ന് മറന്നത് എസ്.എഫ്.ഐ അല്ല, കോൺഗ്രസാണെന്നും എൽ.ഡി.എഫ് വയനാട് ജില്ല കൺവീനര്‍ കൂടിയായ ശശീന്ദ്രന്‍ പറഞ്ഞു.
സംഭവം വസ്‌തുതാപരമായി തെളിഞ്ഞതോടെ കോൺഗ്രസ് നേതൃത്വവും രാഹുൽ ഗാന്ധി എം.പിയുമുള്‍പ്പെടെ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഗാന്ധിച്ചിത്രം തകര്‍ത്തതില്‍ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ്.പി റിപ്പോർട്ട് സമര്‍പ്പിച്ചു. രാഹുലിന്‍റെ ഓഫിസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തത് എസ്.എഫ്.ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു.
തെളിവായി ഫോട്ടോകളും: പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ്.പി റിപ്പോർട്ട് തയാറാക്കിയത്. തെളിവായി ഫോട്ടോകളും റിപ്പോർട്ടിനൊപ്പം ഹാജരാക്കി. രാഹുല്‍ ഗാന്ധിയുടെ വയനാട് എം.പി ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്.എഫ്.ഐ പ്രവർത്തകർ അല്ലെന്ന് തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. വി ജോയിയുടെ സബ്‌മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 24ന് എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസ് ആക്രമിച്ച ശേഷം 3.54 ഓടെ അതിക്രമിച്ചു കടന്നവരെയെല്ലാം പുറത്താക്കി.
അതിനുശേഷം 4.04 ഓടെ പൊലീസ് ഫോട്ടോഗ്രാഫര്‍ സംഭവ സ്ഥലത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്. മലയാളം ചാനലുകള്‍ ഇതേ സമയത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്‌ത് ടി.വി ചാനലുകള്‍ വഴി ഇക്കാര്യം സംപ്രേഷണം ചെയ്‌തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.