വയനാട്: കേരള - കര്‍ണാടക അതിര്‍ത്തിയില്‍ കാല്‍നടയാത്ര ചെയ്യുകയായിരുന്ന 15 വയസുകാരനെ കൊന്ന് കടുവ. കര്‍ണാടക എച്ച്‌ഡി കോട്ട താലൂക്ക് അന്തര്‍സന്ത ബെല്ലിഹഡിയിലെ കാള - പുഷ്‌പ ദമ്പതിമാരുടെ മകന്‍ മഞ്ജുഷാണ് മരിച്ചത്. ഇന്നലെ (ജനുവരി 22) ഉച്ചക്ക് 12 മണിക്കാണ് സംഭവം.
മാനന്തവാടി മൈസൂര്‍ റോഡിനോട് ചേര്‍ന്ന് ബെല്ലിഹഡിയിലുള്ള മാസ്‌തമ്മ ക്ഷേത്രത്തിലേക്ക് പകല്‍ സമയം കൂട്ടുകാരുമൊത്ത് റോഡിലൂടെ നടന്ന് പോവുന്നതിനിടെയാണ് ആക്രമണം. കൂട്ടുകാര്‍ ഓടി രക്ഷപ്പെട്ടെങ്കിലും കൗമാരക്കാരന് ഇതിന് കഴിഞ്ഞില്ല. കടുവ മഞ്ജുഷിനെ വനത്തിനുള്ളിലെ 15 മീറ്ററോളം ദൂരം വലിച്ചുകൊണ്ടുപോയി. നാട്ടുകാര്‍ ശബ്‌ദമുണ്ടാക്കിയതോടെ കടുവ പ്രദേശത്തുനിന്നും ഓടിപ്പോയി.
ബെല്ലിഹഡിയില്‍ ആന വളര്‍ത്തല്‍ കേന്ദ്രത്തിന് സമീപത്തുവച്ചാണ് കുട്ടിയെ കടുവ പിടികൂടിയത്. എച്ച്‌ഡി കോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരള അതിര്‍ത്തിയായ ബാവലിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് ബെല്ലിഹഡി. മാനന്തവാടി പുതുശേരിയില്‍വച്ച് കടുവയുടെ ആക്രമണത്തില്‍ പള്ളിപ്പുറത്ത് തോമസ് എന്ന സാലു മരിച്ചിരുന്നു. ജനുവരി 12നായിരുന്നു സംഭവം.