വയനാട്: വയനാട്ടില്‍ നിന്നും കര്‍ണാടകയിലെ കുടക് ഉള്‍പ്പെടെയുള്ള ജില്ലകളിലേക്ക് തൊഴില്‍ തേടി പോകുന്ന ആദിവാസികള്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നതും മരിക്കുന്നതും തുടര്‍ക്കഥയാകുന്നു. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യയ്‌ക്ക് നിവേദനം നല്‍കി അസോസിയേഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് കേരള ചാപ്‌റ്റര്‍ (എപിസിആര്‍). ജില്ലയിലെ വിവിധ ആദിവാസി ഊരുകളില്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സഹിതമാണ് നിവേദനം നല്‍കിയിട്ടുള്ളതെന്നും എപിസിആര്‍ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കര്‍ണാടകയിലേക്ക് കൃഷി അടക്കമുള്ള ജോലികള്‍ക്കായി ആദിവാസികളെ കൊണ്ടു പോകുന്നുണ്ട്. കര്‍ഷകര്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനയുമാണ് ആളുകളെ കൊണ്ട് പോകാറുള്ളത്. ജോലി തേടി പോകുന്നവരുടെ മരണവും തിരോധാനവും പതിവായതോടെ 2008ല്‍ സംഘടിപ്പിച്ച നീതിവേദി പീപ്പിള്‍സ് ട്രിബ്യൂണലില്‍ 122 ആദിവാസി ദുരൂഹ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതര സംസ്ഥാനങ്ങളില്‍ കൂലിപ്പണിക്ക് കൊണ്ടുപോകുന്ന ആദിവാസികളുടെ വിവരം തൊഴിലുടമകള്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് 2007ല്‍ വയനാട് കലക്‌ടര്‍ ഉത്തരവിട്ടിരുന്നെങ്കിലും ഹ്രസ്വകാലം മാത്രമാണ് ഇത് പ്രാവര്‍ത്തികമാക്കിയത്.
വാളാരംകുന്നിലെ ശ്രീധരന്‍റേത് ദുരൂഹ മരണം: കര്‍ണാടകയിലേക്ക് ജോലിക്ക് പോയ വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന്‍ കുടകിലെ ഉതുക്കേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മൃതദേഹം സംസ്‌കരിച്ചതിന് ശേഷമാണ് കുടുംബം വിവരം അറിയുന്നത്. അന്വേഷിച്ചെത്തിയ കുടുംബത്തോട് ശ്രീധരന്‍ വെള്ളത്തില്‍ വീണു മരിച്ചെന്നാണ് പൊലീസ് നല്‍കിയ മറുപടി. ശ്രീധരന്‍റെ വസ്‌ത്രങ്ങളും മരിച്ച് കിടക്കുന്ന ഒരു ഫോട്ടോയും മാത്രമാണ് കുടുംബത്തിന് ലഭിച്ചത്. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും കുടുംബത്തിന് പൊലീസ് കൈമാറിയിട്ടില്ല.
കൃഷിയിടത്തില്‍ ബോധരഹിതനായി പുല്‍പ്പള്ളിക്കാരന്‍: ഇക്കഴിഞ്ഞ ജൂണില്‍ കര്‍ണാടകയിലേക്ക് ജോലിയ്‌ക്ക് പോയ പുല്‍പ്പള്ളി പാളക്കൊല്ലി കോളനി നിവാസിയായ ശേഖരനെ കൃഷിയിടത്തില്‍ ബോധരഹിതനായി കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശേഖരന്‍റെ സഹോദരന്‍ അദ്ദേഹത്തെ സര്‍ഗൂരിലെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സക്കിടെ ശേഖരന്‍ മരിച്ചു. മൃതദേഹം കൊണ്ട് വയനാട്ടിലേക്ക് തിരിക്കുമ്പോള്‍ ആംബുലന്‍സില്‍ വച്ചാണ് ശേഖരന്‍റെ ഉദര ഭാഗത്ത് ആഴത്തിലുള്ള മുറിവ് കുടുംബത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മുറിവുണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിന്‍റെ വാദം. പോസ്‌റ്റ്‌മോര്‍ട്ടം നടത്താത്ത മൃതദേഹത്തില്‍ നിന്നും അവയവ അപഹരണം നടന്നതിന്‍റെ ലക്ഷണമാണെന്ന് കുടുംബത്തിന് സംശയമുണ്ടായിരുന്നെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
തുടരുന്ന മരണവും തിരോധാനവും : കര്‍ണാടകയില്‍ ജോലി തേടി പോയ നെന്‍മേനി പഞ്ചായത്തിലെ കൊയ്ത്തുപാറ കാട്ടുനായക്ക ഊരിലെ സന്തോഷിനെയും ഇക്കഴിഞ്ഞ ജൂലൈയില്‍ ജോലി സ്ഥലത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ കാളിന്ദി ഊരില്‍ നിന്നുള്ള അരുണ്‍ എന്ന യുവാവിനെയും കര്‍ണാടകയില്‍ വച്ച് കാണാതായിട്ടുണ്ട്. രണ്ടര മാസമായി ജോലിക്ക് പോയ അരുണിനെ കുറിച്ച് കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയാണ് മുഖ്യമന്ത്രിക്ക് സംഘം നിവേദനം സമര്‍പ്പിച്ചത്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ പ്രാപ്‌തനും സത്യസന്ധനവുമായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എ.പി.സി.ആര്‍ കേരള ചാപ്റ്റര്‍ സെക്രട്ടറി സി.എ നൗഷാദ്, പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറി പി.എ പൗരന്‍, ആദിവാസി വനിത പ്രസ്ഥാനം പ്രസിഡന്‍റ് അമ്മിണി കെ.വയനാട്, നീതിവേദി പീപ്പിള്‍സ് ട്രിബ്യൂണല്‍ അംഗം ഡോ.പി.ജി ഹരി, ഉതുക്കേരിയില്‍ മരിച്ച ശ്രീധരന്‍റെ സഹോദരന്‍ അനില്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.