വയനാട്: കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും ജനങ്ങൾ വോട്ട് ബാങ്കും സർക്കാർ പണമുണ്ടാക്കാനുളള ബാങ്കുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വയനാട് ജില്ലയിലെ എന്‍ഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം. 15 വർഷം അമേഠിയുടെ അമരക്കാരൻ ആയിരുന്നു രാഹുൽ ഗാന്ധി. പക്ഷെ അമേഠിക്ക് വേണ്ടി ഒന്നും ചെയ്തില്ല. അതിനാലാണ് വയനാട്ടിലേക്ക് വരേണ്ടിവന്നത്. വിനോദ സഞ്ചാരിയെ പോലെയാണ് അദ്ദേഹം ഇപ്പോള്‍ വയനാട്ടിലേക്ക് വരുന്നതെന്നും അമിത് ഷാ പരിഹസിച്ചു.
യുഡിഎഫും എൽഡിഎഫും പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്. തങ്ങളുടെത് ആദർശത്തിന്‍റെ രാഷ്ട്രീയമാണോ അധികാരത്തിന്‍റെ രാഷ്ട്രീയമാണോയെന്ന് യുഡിഎഫ്- എൽഡിഎഫ് മുന്നണികൾ വ്യക്തമാക്കണം. ബംഗാളിലെത്തിയാൽ യുഡിഎഫും എൽഡിഎഫും തമ്മിൽ സഖ്യത്തിൽ ആണ്. ഈ പാർട്ടികള്‍ ചേര്‍ന്ന് കോമ്രേഡ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന ഒറ്റപ്പേരാക്കണമെന്നും അമിത്ഷാ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരുടെ കൂടെ എസ്‌ഡിപിഐയും കോൺഗ്രസുകാരുടെ കൂടെ ലീഗും ഉണ്ട്. കോൺഗ്രസ് ഭരണം വന്നാൽ പിണറായി വിജയന്‍റെ ഡോളർ മാറി സോളാർ ആകും. പിഎസ്‌സിയെ എല്‍ഡിഎഫ് അവരുടെ ഘടകമാക്കി മാറ്റി. ശബരിമലയിൽ ഭക്തന്മാർക്ക് നേരെ ലാത്തി ചാർജ് നടക്കുമ്പോൾ കോൺഗ്രസ് മിണ്ടാതിരിക്കുകയായിരുന്നുവെന്നും ക്ഷേത്ര ഭരണം വിശ്വാസികളുടെ കൈകളിലായിരിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.