വയനാട്: കാർഷിക സംസ്‌കൃതി വിളിച്ചോതി വയനാട്ടിലെ എടവക പഞ്ചായത്തിൽ കുംഭവേലയും ഉച്ചാൽ ഉത്സവവും നടത്തി. പാടത്തിറങ്ങി പണിയെടുക്കാൻ സ്‌കൂൾ വിദ്യാർഥികളും എത്തി. കിഴങ്ങുവിളകളുടെ നടീൽ കാലമാണ് കുംഭമാസം. ഇതിനുമുന്നോടിയായി മകരമാസം അവസാനം പച്ചക്കറികളുടെ വിളവിറക്കുന്നു. ഈ ദിവസമാണ് ഉച്ചാൽ. ഈ സമയത്ത് പച്ചക്കറി നട്ടാൽ നല്ല വിളവ് ഉണ്ടാകുമെന്നാണ് വിശ്വാസം.
എടവക പഞ്ചായത്തിലെ പള്ളിയറ ഫാർമർ ഫീൽഡ് സ്‌കൂളും കൃഷിഭവനും ചേർന്നാണ് ഉച്ചാൽ ഉത്സവം കുട്ടികർഷകരെ കൂടെ കൂട്ടി ആഘോഷമാക്കിയത്. എള്ളുമന്ദം എഎൻഎംയുപി സ്‌കൂളിലെ കുട്ടികളാണ് കൃഷി പാഠങ്ങൾ പഠിക്കാൻ പാടത്തിറങ്ങിയത്. മുതിർന്ന കർഷകർ ഇവർക്ക് ജൈവകൃഷി അറിവുകൾ പകർന്നു. ജൈവകൃഷി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.