സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പന്നികളെ കൊന്നൊടുക്കുന്നതിന് പ്രാരംഭ നടപടികൾ തുടങ്ങി. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വളര്‍ത്തുന്ന പന്നികളെയും കൊല്ലും. തവിഞ്ഞാല്‍ പഞ്ചായത്തിലെ സ്വകാര്യ ഫാമിലുള്ള പന്നികളെയാണ് ആദ്യം കൊല്ലുക.
സബ് കലക്‌ടര്‍ ആർ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ ജില്ലയിലെ രണ്ട് സീനിയർ വെറ്ററിനറി ഡോക്‌ടർമാരടങ്ങുന്ന 16 അംഗ ആര്‍ആര്‍ടി സംഘം ഫാമിലെത്തി പന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 300ല്‍ അധികം പന്നികളുള്ള തവിഞ്ഞാലിലെ ഫാമിന്‍റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ വേറേ പന്നി ഫാമുകളില്ല. മാനന്തവാടി നഗരസഭയിലെ കണിയാരത്തിനു സമീപം വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച ഫാമില്‍ നിലവില്‍ പന്നികളില്ല.
എന്നാല്‍ ഈ ഫാമിന്‍റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ നിരവധി കര്‍ഷകര്‍ക്കു പന്നികൃഷിയുണ്ട്. കൊന്നൊടുക്കേണ്ട പന്നികളുടെ ആകെ എണ്ണം അഞ്ഞൂറിലധികം വരുമെന്നാണ് കരുതുന്നത്. നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ലഭ്യമാക്കുവാൻ ആവശ്യമായ നടപടികളെടുക്കുമെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷംസാദ് മരയ്ക്കാർ, മാനന്തവാടി എംഎൽഎ ഒ.ആർ കേളു തുടങ്ങിയവരും പ്രദേശം സന്ദർശിച്ചു.
Also Read: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; മനുഷ്യരിലേക്ക് പടരില്ലെന്ന് അധികൃതർ