വയനാട്: ദേശിയപാത 766 ൽ ബത്തേരി കൊളഗപ്പാറയിൽ ഉണ്ടയ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. കാർ യാത്രികരും കോഴിക്കോട് സ്വദേശികളുമായ ഷാഹുൽ ( 34), റാഷിദ് (25) സാബിറ ( 39) എന്നിവർക്കും ബൈക്ക് യാത്രികരും മാനന്തവാടി സ്വദേശികളായ ഫിറോസ് (37), സജറിൻ സുഹാന (17) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇതിൽ ഷാഹുൽ, റാഷിദ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും, ഫിറോസ് , സജറിൻ സുഹാന എന്നിവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റാൻ നിർദേശിച്ചു. കൊളഗപ്പാറ കവലയ്ക്ക് സമീപം ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ബൈക്കും കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ മുൻപിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ച ശേഷം ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.