തിരുവനന്തപുരം: വി.കെ.ഇബ്രാഹിംകുഞ്ഞിന് പിന്നാലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന വി.എസ്.ശിവകുമാറിനെതിരെയും വിജിലന്‍സ് കുരുക്ക് മുറുകുന്നു. അനധികൃത സ്വത്തുസമ്പാദന കേസില്‍ വി.എസ്.ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി. വിജിലന്‍സ് ഡയറക്‌ടര്‍ നല്‍കിയ അനുമതി അപേക്ഷയെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രോസിക്യൂഷന്‍ നടപടികൾക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.
രണ്ടാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്ന വി.എസ്.ശിവകുമാറിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിന് നിരവധി പരാതികളും ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ്, പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ര്‍ട സര്‍ക്കാരിനെ സമീപിച്ചത്. അന്വേഷണം പൂര്‍ത്തിയാകും മുമ്പ് ആവശ്യമെങ്കില്‍ ശിവകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യും.
തിരുവനന്തപുരം വഴുതക്കാട് സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം അമരവിള സ്വദേശിയായ ശിവകുമാര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റായിരിക്കെ 1999ല്‍ അപ്രതീക്ഷിതമായാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചത്. 2004ല്‍ തിരുവനന്തപുരത്ത് പി.കെ.വാസുദേവന്‍ നായരോട് പരാജയപ്പെട്ടു. എന്നാല്‍ 2011ല്‍ തിരുവനന്തപുരത്ത് നിന്നും വിജയിച്ച് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായത്. ശിവകുമാറിന്‍റെ വരുമാനവും സ്വത്തും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക വിലയിരുത്തല്‍.