ആലപ്പുഴ: അരൂരിൽ എൽഡിഎഫ് സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരുവാൻ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയിൽ നിന്നുള്ള പ്രതിനിധി വരണമെന്നും ഇതിന് അരൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മനു സി. പുളിക്കൽ വിജയിക്കേണ്ടത് അനിവാര്യമാണെന്നും ആലപ്പുഴ എംപി അഡ്വ. എ.എം ആരിഫ് അഭിപ്രായപ്പെട്ടു.
അരൂരിൽ മൂന്നര വർഷക്കാലം കൊണ്ട് പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാർ ഏകദേശം ആയിരം കോടിക്ക് മുകളിൽ വികസനപ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ഇതിന്റെ ഇരട്ടിയാണ് ഇനി നടത്താൻ ഉദ്ദേശിക്കുന്നതും. ഇതെല്ലാം അരൂരിൽ സാധ്യമാകണമെങ്കിൽ നിയമസഭയിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന ഒരു അംഗം അരൂരിൽ വിജയിച്ചേ മതിയാകൂ എന്ന ബോധ്യം ജനങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ അരൂരിൽ മികച്ച ഭൂരിപക്ഷത്തിൽ മനു വിജയിക്കുമെന്ന കാര്യം തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരൂർ ഉപതെരഞ്ഞെടുപ്പിൽ മുഖ്യമായും ചർച്ച ചെയ്യുക മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളെക്കുറിച്ചാണ്. കേന്ദ്ര-കേരള സർക്കാരുകളുടെ ഭാഗത്തുനിന്ന് അരൂരുകാരുടെ ആവശ്യം നേടിയെടുക്കാൻ ഒരേ പക്ഷക്കാരായ ജനപ്രതിനിധികളാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.